ദക്ഷിണേന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍. എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍ പ്രകാരം സിനിമയുടെ തിരക്കഥയില്‍ നസ്ലൻ തൃപ്തനല്ല.അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചേക്കുമെന്നാണ് അഭ്യൂഹം.

2024 ഫെബ്രുവരി 9ന് റിലീസായ പ്രേമലു ദക്ഷിണേന്ത്യയില്‍ തകർത്തോടിയിരുന്നു. സിനിമയുടെ വൻ വിജയത്തിന് പിന്നാലെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രേമലു 2വിൻ്റെ തിരക്കഥ പൂർത്തിയായെന്നും പ്രീപ്രൊഡക്ഷൻ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇക്കഴിഞ്ഞ ജനുവരിയില്‍ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നു. ജൂണ്‍ പാതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കുറച്ചുകൂടി വലിയ ക്യാൻവാസിലുള്ള സിനിമയാണെന്നും ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. ദിലീഷ് പറഞ്ഞതനുസരിച്ച്‌ അടുത്ത മാസമാണ് പ്രേമലു 2 ഷൂട്ടിംഗ് ആരംഭിക്കേണ്ടത്. എന്നാല്‍, നസ്ലന് തിരക്കഥ ഇഷ്ടമാവാത്തതിനാല്‍ സിനിമ ഉപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന അഭ്യൂഹങ്ങള്‍.

ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ നസ്ലനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ സിനിമയാണ് പ്രേമലു. ഗിരീഷും കിരണ്‍ ജോസിയും ചേർന്നായിരുന്നു തിരക്കഥ. ഫഹദ് ഫാസില്‍, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. അജ്മല്‍ സാബു ക്യാമറ കൈകാര്യം ചെയ്തപ്പോള്‍ ആകാശ് ജോസഫ് വർഗീസ് ആയിരുന്നു എഡിറ്റർ. വിഷ്ണു വിജയ് സംഗീതസംവിധാനം നിർവഹിച്ചു. വെറും മൂന്ന് കോടി ബജറ്റിലെടുത്ത സിനിമ തീയറ്ററില്‍ നിന്ന് 136 കോടിയിലധികം രൂപയാണ് നേടിയത്. കേരളത്തിനൊപ്പം ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പ്രേമലു ഗംഭീര പ്രകടനമാണ് നടത്തിയത്.

ഖാലിദ് റഹ്മാൻ്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയാണ് നസ്ലൻ്റെ അവസാന സിനിമ. ഗിരീഷ് എഡിയുടെ തണ്ണീർമത്തൻ ദിനങ്ങള്‍ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നസ്ലൻ പിന്നീട് അയാം കാതലൻ, സൂപ്പർ ശരണ്യ എന്നീ സിനിമകളിലും ഗിരീഷ് എഡിയ്ക്കൊപ്പം പ്രവർത്തിച്ചു. നിലവില്‍ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക