പ്ലാസ്റ്റിക് കപ്പുകള്‍ക്ക് ബദല്‍ എന്ന നിലയിലാണ് പേപ്പര്‍ കപ്പുകള്‍ക്ക് വലിയ പ്രചാരം ലഭിച്ചത്. പേപ്പര്‍ കപ്പുകള്‍ പൊതുവേ സുരക്ഷിതം എന്നാണ് എല്ലാവരും കരുതുന്നത്.പ്ലാസ്റ്റിക് കപ്പുകളില്‍ ചായ ഉള്‍പ്പെടെയുള്ള ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. പ്ലാസ്റ്റിക് ഉരുകി വേര്‍തിരിയുന്ന വിഷ രാസവസ്തുക്കള്‍ ശരീരത്തിനുള്ളിലേക്കും പ്രവേശിക്കും. ഇവ ശരീരത്തിന് ദോഷകരമാണ്. ഈ ഘട്ടത്തിലാണ് പേപ്പര്‍ കപ്പുകള്‍ വ്യാപകമായത്.
ഇപ്പോള്‍ വലുതും ചെറുതുമായ പരിപാടികളിലെല്ലാം പേപ്പര്‍ കപ്പുകളാണ് ഉപയോഗിക്കുന്നത്. ഉപയോഗ ശേഷം കഴുകണ്ട എന്നതും പേപ്പര്‍ ആയതിനാല്‍ മണ്ണില്‍ അലിഞ്ഞുചേരും എന്നതുമാണ് പേപ്പര്‍ കപ്പുകള്‍ക്ക് വലിയ പ്രചാരം ലഭിക്കാന്‍ കാരണം. ഇത്തരം ബയോഡീഗ്രേഡബിള്‍ പേപ്പര്‍ കപ്പുകള്‍ പരിസ്ഥിതി സൗഹൃദമാണെന്നതും അതിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.
പൊതുവേ ഇവ നിരുപ്രദവകരമെന്ന് കരുതുമ്ബോഴും നിരവധി അപകടസാധ്യതകള്‍ പേപ്പര്‍ കപ്പുകളില്‍ മറഞ്ഞിരിപ്പുണ്ട്. പ്രത്യേകിച്ച് ചായ, കാപ്പി പോലുള്ള ചൂടുള്ള പാനീയങ്ങള്‍ എടുക്കുമ്ബോള്‍. പേപ്പര്‍ കപ്പുകള്‍ ബയോഡീഗ്രേഡബിള്‍ ആണന്ന് നിര്‍മാതാക്കാള്‍ അവകാശപ്പെടുമ്ബോഴും അവയില്‍ പലതിലും പോളിത്തീന്‍ അടങ്ങിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ ഒഴിക്കുമ്ബോള്‍ മൈക്രോപ്ലാസ്റ്റിക് എന്ന തീരെ ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ പാനീയത്തില്‍ കലരുന്നു.
ഇത്തരത്തില്‍ ആയിരക്കണക്കിന് കണങ്ങളാണ് ചൂട് ചായയിലൂടെയും കാപ്പിയിലൂടെയും ശരീരത്തിന്റെ ഉള്ളിലേക്കു കടക്കുന്നത്. ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക് കാരണമായേക്കാം.





