പല്ലിയില്ലാത്ത വീടുണ്ടോ? എത്രയൊക്കെ പ്രതിരോധ മാർഗങ്ങള്‍ സൃഷ്ടിച്ചാലും വീടിൻ്റെ പരിസരത്തെങ്കിലും ഒരു പല്ലി ഉണ്ടാകാതിരിക്കില്ല.ആർക്കും ശല്യമില്ലാതെ വെറുതെ ഭിത്തിയിലൂടെ പാഞ്ഞു നടക്കുന്ന ഈ ഇത്തിരി കുഞ്ഞൻ പല്ലി മനുഷ്യരെ കടിക്കുമോ? നിങ്ങള്‍ എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
കാര്യം രസകരമായി തോന്നുമെങ്കിലും പല്ലി കടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍ അത് അത്ര അപകടകരമാകുന്നില്ലെന്നു മാത്രം.ചെറുപ്രാണികളെ വേട്ടയാടി ഭക്ഷണ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച് സമാധാന ജീവിതം നയിക്കുന്നവയാണ് പല്ലികള്‍. അവ മനുഷ്യരെയും കടിക്കും. എന്നാല്‍ ശ്രദ്ധിക്കാൻ തക്കവണ്ണം അത് ഭയാനകമാകുന്നില്ലെന്നേയുള്ളൂ.
കാരണം, കട്ടികുറഞ്ഞ ദുർബലമായ താടിയെല്ലുകളാണ് പല്ലിക്കുള്ളത്. നുള്ളല്‍ പോലെയെ അത് തോന്നുകയുള്ളൂ. കൂടാതെ നമ്മള്‍ എത്ര പേടിക്കുന്നുവോ അതിലും ഭയമാണ് അവയ്ക്ക് മനുഷ്യരെ.അവയെ കുടുക്കാനോ പിടിക്കാനോ ശ്രമിച്ചാല്‍ മാത്രമേ കടി ഏല്‍ക്കേണ്ടി വരികയുള്ളൂ. ഇതു കൊണ്ട് വേദന അനുഭവപ്പെടുകയോ, വിഷം ഏല്‍ക്കുകയോ ഇല്ല.അപകടകരമല്ലെങ്കിലും എല്ലാ ഉരഗങ്ങളും സാല്‍മൊണെല്ല ബാക്ടീരയകളെ വഹിക്കുന്നുണ്ടാകാം. അതിനാല്‍ അവയുമായുള്ള സമ്ബർക്കത്തിനു ശേഷം കൈകള്‍ കഴുകി വൃത്തിയാക്കണം.
ഏതൊരു ജീവനുള്ള വസ്തുക്കളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് പല്ലികളും അക്രമം സ്വഭാവം കാണിക്കുന്നത്. ഇന്ത്യയില്‍ ബംഗാള്‍ മോണിറ്റൻ അഥവ ഗാർഡൻ ലിസാഡ് കാഴ്ചയില്‍ ഭയം തോന്നിപ്പിക്കുന്നവയാണ്. എന്നാല്‍ അവയും പ്രതിരോധ മാർഗം എന്ന നിലയില്‍ അല്ലാതെ കടിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല.
പല്ലി കടിച്ചാല്‍ എന്തു ചെയ്യണം?
സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം.
മുറിവില്‍ ആൻ്റിസെപ്റ്റിക് ക്രീം പുരട്ടാം.
വീക്കം, ചുവപ്പ്, പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കുക.
ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
അജ്ഞാത വന്യജീവികളില്‍ നിന്നും അക്രമണം നേരിടേണ്ടി വന്നാല്‍ പ്രാദേശിക ഡോക്ടറിൻ്റെയോ ഹെർപ്പറ്റോളജിസ്റ്റിൻ്റെയോ സഹായവും തേടാം.
ഇനി വീടിൻ്റെ ഭിത്തിയില്‍ പല്ലിയെ കണ്ടാല്‍ ഓടിമാറുന്നതിനു മുമ്ബ് ഓർക്കുക, അതിന് നിങ്ങളെക്കാല്‍ സ്വന്തം ജീവനില്‍ ഭയമുണ്ടെന്ന്.
വീടിനുള്ളിലെ പല്ലി ശല്യം കുറയ്ക്കാൻ നുറുങ്ങു വിദ്യകളുണ്ട്
കുരുമുളക് സ്പ്രേ
എറ്റവും ഫലപ്രദമായ മാർഗമാണിത്. വെള്ളത്തിലേയ്ക്ക് കുരുമുളക്, മുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം. സ്ഥിരമായി പല്ലികള്‍ വരുന്ന ഇടങ്ങളില്‍ ഇവ സ്പ്രേ ചെയ്തു കൊടുക്കാം.
കാപ്പിപ്പൊടി പുകയില
കാപ്പിപ്പൊടിയിലേയ്ക്ക് പുകയില പൊടിച്ചത് ചേർത്തിളക്കി യോജിപ്പിക്കാം. ഇതും പല്ലികള്‍ സ്ഥിരമായി വരുന്ന വീടിനുള്ളിലെ ഇടങ്ങളില്‍ ഉപയോഗിക്കാം.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ അവ വീടിൻ്റെ കോണുകളിലും പല്ലി വരാൻ സാധ്യതയുള്ള ഇടങ്ങളിലും വയ്ക്കാം.
മുട്ടത്തോട്
മുട്ടയുടെ മണം പല്ലികള്‍ക്ക് സഹിക്കാൻ കഴിയില്ല. മുട്ടത്തോട് ശേഖരിച്ച് വൃത്തിയാക്കിയെടുക്കാം. അവ ജനാലകള്‍ക്കും വാതിലുകള്‍ക്കും അരികില്‍ വയ്ക്കാം.
പെപ്പർമിൻ്റ് സ്പ്രേ
പല്ലികള്‍ക്ക് അസഹനീയമായിരിക്കും പെപ്പർമിൻ്റിൻ്റെ ഗന്ധം. പെപ്പർമിൻ്റ് ഓയില്‍ സ്പ്രേ പല്ലി ശല്യം രൂക്ഷമായ ഇടങ്ങളില്‍ ഉപയോഗിക്കാം.





