മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ മാത്രമാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാക്കുന്നതെന്ന എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുൻ എം എല്‍ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമൻ.രണ്ട് തവണ മുസ്ലീം ലീഗ് എം എല്‍ എ ആയ വ്യക്തിയാണ് താനെന്നും പട്ടികജാതിക്കാരനായത് കൊണ്ടാണോ തന്നെ വെള്ളാപ്പള്ളി കാണാതിരുന്നതെന്നും യുസി രാമൻ ഫേസ്ബുക്കില്‍ കുറിച്ചു.
നൂറുകണക്കിന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും ലീഗ് ബാനറില്‍ മറ്റു സമുദായങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും യുസി രാമൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
‘പ്രിയപ്പെട്ട വെള്ളാപ്പള്ളി നടേശന്
‘ മുസ്‌ലിം വിഭാഗത്തില്‍ നിന്നല്ലാതെ ഒരാളെയെങ്കിലും മുസ്‌ലിം ലീഗ് സ്ഥാനാർഥിയാക്കിയിട്ടുണ്ടോ എന്ന് അങ്ങ് ചോദിച്ചതായി കേട്ടു. വിനീതനായ ഞാൻ രണ്ടു തവണ മുസ്‌ലിം ലീഗിന്റെ എം എല്‍ എ ആയിരുന്നു എന്നത് താങ്കള്‍ക്കറിയില്ലേ, അതോ ഞാൻ പട്ടികജാതിക്കാരനായത് കൊണ്ട് കണ്ണില്‍പെടാത്തത് കൊണ്ടാണോ? ഞാനിന്ന് മുസ്‌ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.
ഞാൻ മാത്രമല്ല അങ്ങനെ എത്ര പേര് ജനപ്രതിനിധികളാകുകയും മത്സരിക്കുകയും ചെയ്തു മുസ്‌ലിം ലീഗില്‍. സാമാന്യ വർത്തമാന ചരിത്രം പോലും മനസ്സിലാക്കാതെയാണോ താങ്കള്‍ രാഷ്ട്രീയ പരാമർശങ്ങള്‍ നടത്തുന്നത്?
നൂറുകണക്കിന് ത്രിതല ജനപ്രതിനിധികളും ത്രിതല സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും മുസ്‌ലിം ലീഗ് ബാനറില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെയും ആദിവാസി സമുദായക്കാരെയും ചേർത്ത് പിടിക്കുന്നതും അവർക്ക് എല്ലാവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്നതും മുസ്‌ലിം ലീഗ് എന്ന എന്റെ പാർട്ടിയാണ് എന്ന് ഞാൻ അഭിമാനത്തോടെ പറയും.
സവർണ സമുദായത്തിലെ മനുഷ്യർ പോലും മുസ്‌ലിം ലീഗിന്റെ പ്രഭാഷകരും നേതാക്കളുമായി ഇന്ന് പ്രവർത്തിക്കുന്നുണ്ട്. അങ്ങേക്ക് സംശയമുണ്ടെങ്കില്‍ അക്കമിട്ട് സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും പ്രവർത്തകരുമായ മുസ്‌ലിം ലീഗിലെ ഇതര മതസ്ഥരുടെ മുഴുവൻ വിശദവിവരങ്ങളും തരാൻ ഞാൻ തയ്യാറാണ്.
എല്ലാ വിഭാഗം ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിച്ചു കൊണ്ട് തെളിച്ചമുള്ള വെളിച്ചമായി കേരളത്തില്‍ മുന്നേറുന്ന മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ അപക്വമായ പ്രസ്താവന എത്രയും പെട്ടെന്ന് പിൻവലിച്ചു കേരളീയ സമൂഹത്തോട് താങ്കള്‍ മാപ്പ് പറയണമെന്ന് അഭ്യർത്ഥിക്കുന്നു’ , യുസി രാമൻ പറഞ്ഞു.





