കേരളത്തിന് 2014 മുതല്‍ 2024 വരെ 1.57 ലക്ഷം കോടി രൂപയാണ് മോദിസർക്കാർ നല്‍കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ലെന്നും ധനമന്ത്രി നിർമലാ സീതാരാമൻ.ധനബില്ലിന്മേലുള്ള ചർച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
യുപിഎ കാലത്തെക്കാള്‍ 239 ശതമാനം കൂടുതലാണ് മോദിസർക്കാർകാലത്ത് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 46,300 കോടിയാണ് 2004 മുതല്‍ 2014 വരെയുള്ള യുപിഎ കാലത്ത് കേരളത്തിന് കിട്ടിയത്. ഫിനാൻസ് കമ്മിഷന്റെ ശുപാർശപ്രകാരമുള്ളതെല്ലാം നല്‍കി. ഗ്രാന്റുകള്‍ 509 ശതമാനം കൂട്ടി. യുപിഎ കാലത്ത് 25,630 കോടിയാണ് ലഭിച്ചത്.
ധനകാര്യ കമ്മിഷൻ ശുപാർശ നല്‍കാതെ കോവിഡിനുശേഷം സാമ്ബത്തികമായി സംസ്ഥാനങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 50 കൊല്ലത്തേക്ക് പലിശയില്ലാത്ത വായ്പയായി കേരളത്തിന് 2715 കോടി സഹായം നല്‍കി. കൊല്ലത്ത് ദേശീയപാതയില്‍ ഒരു ചെറിയഭാഗം പരസ്പരം ബന്ധിപ്പിക്കാനാവാതിരുന്നത് 40 കൊല്ലമാണ്. മോദിഭരണത്തിലാണ് ആ ചെറിയഭാഗം പൂർത്തീകരിച്ചത്.
കേരളത്തോട് വിവേചനംകാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണ്. കടമെടുക്കല്‍പരിധി ഉയർത്താൻ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കോടതി പറഞ്ഞത് സംസ്ഥാനം നിയന്ത്രണമില്ലാതെയുണ്ടാക്കിയ സാമ്ബത്തികദുരന്തത്തിന് കേന്ദ്രത്തിന് ബാധ്യതയില്ലെന്നാണ്.
കേരളത്തിന്റെ സാമ്ബത്തികാവസ്ഥയെക്കുറിച്ച് സിഎജി 2024-ലിറക്കിയ റിപ്പോർട്ടില്‍ പറയുന്നത് 2022-23-കാലത്ത് 97.88 ശതമാനം കടമെടുപ്പും നേരത്തേയുള്ള കടം വീട്ടാനാണെന്നാണ്. 2023-24-കാലത്ത് കേരളത്തിന് അനുവദിച്ച 94,649 കോടി രൂപ ശമ്ബളം, പലിശ, പെൻഷൻ എന്നിവ നല്‍കാനാണ്. വരുമാനത്തിന്റെ 74 ശതമാനം വരുമിത്.
യുഡിഎഫ്, എല്‍ഡിഎഫ് സർക്കാരുകളുടെ തലതിരിഞ്ഞ നയമാണിതിന് കാരണം. എന്നാല്‍ കേരളത്തിന് നല്‍കുന്നതില്‍നിന്ന് കേന്ദ്രത്തെ ഇതൊന്നും തടയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് വ്യവസായമേഖല, കണ്ണൂർ വിമാനത്താവളം, കോട്ടയം ഗ്രീൻഫീല്‍ഡിന് അനുമതി, 1300 കിലോമീറ്റർ ദേശീയപാത, വാട്ടർ മെട്രോ, 27 കിലോമീറ്റർ കൊച്ചി മെട്രോ തുടങ്ങിയവയൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അനുവദിച്ചതെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ഇതെല്ലാം പഴയകഥയാണെന്ന് സിപിഐ അംഗം പി. സന്തോഷ് കുമാർ പറഞ്ഞപ്പോള്‍ നമ്ബൂതിരിപ്പാടിന്റെ സർക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞ പഴയ കഥ നിങ്ങള്‍ മറന്നോയെന്ന് മന്ത്രി ചോദിച്ചു.





