ലഹരി മാഫിയയുടെ നിയന്ത്രണത്തിലോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 2.37 കോടിയുടെ ലഹരി വസ്തുക്കള്‍. പിടിയിലായത് 7307 പേർ. കേരളത്തിലേക്കൊഴുകുന്നതും, പിടികൂടുന്നതും ഏറെയും കഞ്ചാവും, എംഡിഎംഎ പോലുള്ള രാസലഹരി വസ്തുക്കളാണ്. ഒപ്പം കഞ്ചാവ് ബീഡിയും, രാസവസ്തുക്കള്‍ ചേർന്ന നെട്രോസെഫാം ഗുളികകള്‍, മെത്താഫിറ്റമിൻ, ബ്രൗണ്‍ ഷുഗർ, ഹെറോയിൻ, ഹഷീഷ് ഓയില്‍, കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ ഇപ്പോഴും പൊലീസിനോ, എക്സൈസിനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉറവിടം കണ്ടെത്താൻ പഴുതുകള്‍ അടച്ച് അന്വേഷണം നടത്തുന്നുണ്ട്. വില്‍പനക്കാരെയും ഉപയോഗിക്കുന്നവരെയുമാണ് പിടിച്ചവരിലേറെയും. വമ്ബൻ സ്രാവുകള്‍ക്കായി വലവീശി കഴിഞ്ഞിട്ടുണ്ട്.
ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും തടയാനും, ഇതുവഴി ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താനും ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ട് സ്പെഷ്യല്‍ ഡ്രൈവ് ഒരുമാസം പിന്നിടുമ്ബോള്‍ അറസ്റ്റിലായത് 7,307 പേരാണ്. ചെറു കണ്ണികള്‍ മാത്രമാണ് ഇവർ. ഇവരില്‍നിന്ന് 2.37 കോടിയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓരോ ദിവസവും സംസ്ഥാനത്ത് 250ലേറെ പേരെ ലഹരി കടത്തുമായി ബന്ധപ്പെട്ട് പിടികൂടി പരിശോധിക്കുന്നുണ്ട്.
അതിനിടയില്‍ മയക്കുമരുന്നിനെതിരെ എക്സൈസ് നടപ്പിലാക്കിയ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിലൂടെ കോടികളുടെ ലഹരിവസ്തുക്കളാണ് പിടികൂടിയത്. ഈ പദ്ധതിയിലൂടെ രണ്ടാഴ്ചയ്ക്കിടെ 901 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6506 സ്ഥലങ്ങളിലായാണ് എക്സൈസ് റെയ്ഡുകള്‍ നടത്തിയത്. 46 ഓളം വാഹനങ്ങള്‍ പിടികൂടി.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധമാണ് പൊലീസും, എക്സൈസും ചെയ്തുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ വഴിതേടി സംസ്ഥാനത്തിന് പുറത്തു ഉള്‍പ്പെടെ പോയി പ്രതികളെ പിടികൂടാൻ എക്സൈസിന് സാധിച്ചത് ലഹരി വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്നുണ്ട്. നടപടി കർശനമായി തുടരണമെന്നാണ് പൊതുജനാഭിപ്രായവും.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കുന്നതിനും തുടർനടപടികള്‍ സ്വീകരിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവില്‍ പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ 9497927797 എന്ന നമ്ബറില്‍ അറിയിക്കാവുന്നതാണ്. വിവരം നല്‍കുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്നതാണ്. കൂടാതെ, സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാന പോലീസ് ഒരു ഡാറ്റാ ബാങ്ക് തയ്യാറാക്കുകയും അവരെ നിരന്തരമായി നിരീക്ഷിച്ചു വരികയും ചെയ്യുന്നുണ്ട്.





