പള്ളിയിലെ കൈക്കാരന്മാരുടെ സ്ഥാനത്തേക്ക് സാധാരണയായി തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി തുടർന്ന് പോരുന്ന രീതിയും ഇത് തന്നെയായിരുന്നു.എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്താവുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് പൂങ്കാവ് ഇടവക.
പൂങ്കാവ് ഔവർ ലേഡി ഓഫ് അസെംപ്ഷൻ പള്ളിയില്‍ മൂന്നുകൈക്കാരരില്‍ ഒരാള്‍ വനിതയാണ്. പള്ളിയില്‍ പുതിയ കൈക്കാരൻമാരെ തെരഞ്ഞെടുക്കുന്ന ചടങ്ങിലാണ് രണ്ട് പുരുഷന്മാർക്കൊപ്പം ഒരു വനിതയും തെരഞ്ഞെടുക്കപ്പെട്ടത്. പൂങ്കാവ് വടക്കൻ പറമ്ബ് വീട്ടില്‍ സുജാ അനില്‍ (39) ആണ് ചുമതലയേറ്റ വനിത. കെഎല്‍സി ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിലെ മുൻ ജനപ്രതിനിധിയുമാണ് സുജാ അനില്‍. പള്ളിക്കത്തയ്യില്‍ എൻ ഡി സെബാസ്റ്റ്യൻ, പള്ളിപ്പറമ്ബില്‍ മനോജ് എന്നീ രണ്ട് കൈക്കാരൻമാർക്കൊപ്പം സുജയും സത്യപ്രതിജ്ഞ ചെയ്തു.
പള്ളി വികാരിയായ ഫാ. സേവ്യർ ചിറമേലാണ് കൈക്കാരരുടെ സ്ഥാനത്തേക്ക് വനിതയെക്കൂടി തെരഞ്ഞെടുക്കണമെന്ന് അജപാലകസമിതിയോട് നിർദേശിച്ചത്. അജപാലകസമിതിയുടെ ഈ തീരുമാനത്തിന് രണ്ടാഴ്ച മുൻപ് കൊച്ചി രൂപതയില്‍ നിന്നും അംഗീകാരം ലഭിക്കുകയും ചെയ്തു. പള്ളിയുടെ സാമ്ബത്തികകാര്യങ്ങളിലും സ്ഥാവരജംഗമ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും വികാരിയച്ചനെ സഹായിക്കുകയെന്നതാണ് കൈക്കാരരുടെ ജോലി. ലാഭേച്ഛ കൂടാതെ സേവനമായി ചെയ്യേണ്ട ഈ ചുമതല രണ്ടുവർഷത്തേക്കാണ് ലഭിക്കുക. പള്ളിയിലെ 24 അംഗ അജപാലകസമിതിയില്‍ മറ്റ് മൂന്ന് സ്ത്രീകളുമുണ്ട്.





