ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂർ, എറണാകുളം ജില്ലകളില്‍ പുതിയ സെക്രട്ടറിമാർ വരും.കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസല്‍ മരിച്ചതിനെ തുടർന്ന് ഒഴിഞ്ഞ സെക്രട്ടറി സ്ഥാനത്തേക്കും പുതിയ ആള്‍ വരേണ്ടതുണ്ട്. ഈ മൂന്ന് ജില്ലകളിലും സെക്രട്ടേറിയേറ്റ് ചേർന്നതിന് ശേഷമായിരിക്കും സെക്രട്ടറിമാരുടെ കാര്യത്തില്‍ തീരുമാനമാവുക.
കണ്ണൂർ ജില്ലയില്‍ എംവി ജയരാജൻ സ്ഥാനമൊഴിയുന്നതോടെ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കല്‍പിക്കപ്പെടുന്നത് മുൻ എംഎല്‍എ കൂടിയായ ടിവി രാജേഷിനാണ്. ജില്ലാ സെക്രട്ടേറിയേറ്റില്‍ അദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നേക്കും. ടിവി രാജേഷ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയില്‍ അംഗമാണ്. സംസ്ഥാന സമിതി അംഗമായ പി. ശശിയുടെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനിടയുണ്ട്.
എറണാകുളം ജില്ലയിലാകട്ടെ സി.എൻ.മോഹനന് പകരമായി കൊച്ചി മേയറായ എം അനില്‍ കുമാറിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നേക്കും. അദ്ദേഹത്തെ കൂടാതെ സംസ്ഥാന സമിതി അംഗമായ എസ്.സതീഷിൻറെ പേരും ഈ സ്ഥാനത്തേക്ക് നിർദേശിക്കപ്പെടാനിടയുണ്ട്.
കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. ജില്ലാസെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.എം. രാധാകൃഷ്ണൻ, ടിആർ. രഘുനാഥ്, പികെ ഹരികുമാർ എന്നിവർക്കാണ് കോട്ടയം ജില്ലാ സെക്രട്ടറിയാകാൻ സാധ്യതകല്‍പ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന ടി.ആർ. രഘുനാഥിനെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.





