KeralaNews

സാത്താന്റെ സന്തതികൾ നരകത്തിൽ നിന്ന് നാട്ടിലിറങ്ങാൻ തയ്യാറെടുക്കുന്നു: കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് യുവ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്; വിശദമായി വായിക്കാം

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ടിറങ്ങുമെന്ന തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡോ.ജിന്റോ ജോണ്‍. സാത്താന്റെ സന്തതികള്‍ നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണെന്നും സോഷ്യല്‍ മീഡിയയുടെ മറവില്‍ ഒളിച്ചിരുന്ന് സംഘികള്‍ക്ക് പാദസേവ ചെയ്യുന്നവരെ നാട്ടുകാർക്ക് നേരിട്ട് കാണാമല്ലോ എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

‘സ്വാധീനകേന്ദ്രങ്ങളില്‍ സ്ഥാനാർഥികളെ നിർത്തുമെന്ന് ആരെയാണ് വിരട്ടുന്നത്. ഇവർക്ക് ആകെ സ്വാധീനമുള്ളത് ബിജെപി ആസ്ഥാനത്തും വലിയവന്മാരുടെ അന്ത:പുരത്തിലും മാത്രമാണ്. കുരിശില്‍ ബലിയർപ്പിക്കപ്പെട്ട കർത്താവിന്റെ രക്തം പോലും കച്ചവടത്തിന് മറയാക്കുന്നവരെ ജെറുസലേം ദേവാലയത്തില്‍ ചെയ്തപോലെ ചാട്ടവാറിനടിക്കാൻ ഓങ്ങി നില്‍ക്കുകയാണ് നീതിമാൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഈ സംഘടനയുടെ ഉത്ഭവം മുതല്‍ കേരള സമൂഹത്തില്‍ ഇവരുണ്ടാക്കിയ ഇടപെടലുകള്‍ പരിശോധിച്ചാല്‍ വർഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു ലക്ഷ്യവും കാണില്ല. മനുഷ്യകുലത്തിന് നന്മ ഹേതുവായ ഒരൊറ്റ വാക്കുപോലും കാസകുഞ്ഞുങ്ങള്‍ മിണ്ടിയിട്ടില്ല. ക്രൈസ്തവ നന്മകളുടെ ആഗോള കാഴ്ചപ്പാടുകളെ കേവല കച്ചവടത്തിനായി കേരളത്തില്‍ മാത്രമൊതുക്കി ആർ.എസ്. എസ്സിനെ പ്രീതിപ്പെടുത്തി നില്‍ക്കുന്നതല്ലാതെ സത്യം കൊണ്ട് സ്വതന്ത്രമാകാൻ ശേഷിയുള്ള ഒരാളും അതിലില്ല.

കേരളത്തിന്‌ പുറത്ത് സംഘപരിവാർ വേട്ട നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളെ, മനുഷ്യരെ ഇവർ കാണില്ല. ഫാ. സ്റ്റാൻ സ്വാമിയും, ഗ്രഹാം സ്റ്റെയിൻസും മക്കളും, കാണ്ഡമാലിലെ ക്രൈസ്തവരും, മണിപ്പൂരിലെ മനുഷ്യരും, എന്തിനേറെ മംഗലാപുരത്തിനപ്പുറം സംഘികളുടെ നരവേട്ട നേരിടുന്ന ക്രിസ്തു ശിഷ്യരെ ഇവർ കണ്ടഭാവമില്ല. ആക്രമിക്കപ്പെട്ട അള്‍ത്താരകളും പള്ളികളും ആശുപത്രികളും പള്ളിക്കൂടങ്ങളും ഇവർക്കൊരു വിഷയമേയല്ല.

ജന്തർമന്ദിറില്‍ നടത്തിയ പ്രാർത്ഥനാ കൂട്ടായ്മകളും കോടതി വ്യവഹാരങ്ങളും സത്യദീപവും ദീപികയും വചനോത്സവവും നടത്തിയ പ്രാർത്ഥനാ അഭ്യർത്ഥനകളും മെഴുകുതിരി പ്രദക്ഷിണങ്ങളും കാസക്ക് ഓർമയില്ല… കാരണം ഇവരെന്നും മാരാർജി ഭവന്റെ അടുക്കളത്തിണ്ണയില്‍ എച്ചില് പെറുക്കലായിരുന്നു. ക്രിസ്തുവിനെയും ക്രൈസ്തവരേയും സംഘികള്‍ക്ക് ഒറ്റുകൊടുക്കുന്ന തിരക്കില്‍ ഇവർ മറന്നത് ഓർമ്മിപ്പിക്കാൻ നന്മയുള്ള ക്രിസ്ത്യാനികള്‍ക്ക്‌ ഒരവസരമാണ് കാസയുടെ വെളിച്ചത്ത് വരല്‍. ഐഡന്റിറ്റി വെളിപ്പെടുത്താതെ സോഷ്യല്‍ മീഡിയയുടെ മറവില്‍ ഒളിച്ചിരുന്ന് സംഘികള്‍ക്ക് പാദസേവ ചെയ്യുന്നവരെ നാട്ടുകാർക്ക് നേരിട്ട് കാണാമല്ലോ.

കേരളത്തില്‍ ക്രിസ്തുമസ് കരോള്‍ വിലക്കിയപ്പോഴും, പുല്‍ക്കൂട് തകർത്തപ്പോഴും അരമന വളപ്പിലെ കപ്പക്കുഴിയില്‍ കാട്ടുകല്ല് കണ്ട് പൂജ ആരംഭിച്ചപ്പോഴുമൊക്കെ കാസക്കുടിയാന്മാർ സംഘിമുതലാളിമാരെ ‘കേരളത്തിലെ സവിശേഷ സാഹചര്യ’ ഇടപാടുകള്‍ ഓർമിപ്പിക്കുന്ന വിഷമത്തില്‍ ആയിരുന്നു. ഇവനൊന്നും കേരളത്തിലെ ക്രൈസ്തവ സഭകളുമായി ഒരുതരത്തിലും ബന്ധമുള്ള സംഘടനകള്‍ അല്ലെന്ന് ബഹു. പാമ്ബ്ലാനി പിതാവടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടയന്റെ വേഷമിട്ടു വരുന്ന കള്ളന്മാരേയും ആട്ടിൻതോലിട്ട ചെന്നായ്ക്കളെയും തിരിച്ചറിയാനുള്ള പാഠം കൂടി ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്, പാമ്ബുകളെപ്പോലെ വിവേകികള്‍ ആയിരിക്കാൻ.

വെള്ളിനാണയങ്ങള്‍ക്ക് മനുഷ്യപുത്രനെ ഒറ്റുകൊടുത്ത യൂദാസിനെക്കാള്‍ സുവിശേഷം പ്രഘോഷിച്ച്‌ സത്പ്രവർത്തികള്‍ ചെയ്ത പത്രോസും കൂട്ടരുമല്ലേ യഥാർത്ഥ ക്രിസ്തുശിഷ്യർ. അത്രേയുള്ളൂ കാസയെന്ന കള്ളനാണയവും സമാധാനവും സ്നേഹവും സാഹോദര്യവും ആഗ്രഹിക്കുന്ന വെളിവ് കിട്ടിയ ക്രൈസ്തവരും തമ്മിലുള്ള വ്യത്യാസം. സത്യവിശ്വാസത്തോടെ ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കറിയാം “സത്യം നിങ്ങളെ സ്വതന്ത്രമാക്കും” എന്ന കർത്താവിന്റെ വാക്കിനർത്ഥം’ -ഡോ. ജിന്റോ ജോണ്‍ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button