ജീവനക്കാരിയുമായി അശ്ലീലസംഭാഷണം നടത്തിതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിനെതിരേ ഉയർന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വനംവകുപ്പിലാണ് ഉദ്യോഗസ്ഥരുടെ ഏറ്റമുട്ടലിനെത്തുടർന്ന് അശ്ലീലസംഭാഷണ ആരോപണം ഉയർന്നിരിക്കുന്നത്.
സംഭവങ്ങളുടെ തുടർച്ചയായി ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ. രഞ്ജിത്ത് കുമാറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.വനിതാ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. വകുപ്പിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷൻ നടപടിക്ക് ശുപാർശ നല്‍കിയത്. രഞ്ജിത് കുമാർ ജീവനക്കാരിയെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ജീവനക്കാരിക്കെതിരെ ജാത്യാധിക്ഷേപ പരാതി ഉയരുകയും ആരോപണം വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് കള്ളക്കേസ് ചമച്ചുവെന്ന ആരോപണവുമായി ജീവനക്കാരി വനിതാകമ്മിഷനെ സമീപിച്ചത്.
അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് വനിതാ കമ്മിഷൻ ഡി.എഫ്.ഒയ്ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഡി.എഫ്.ഒ. അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ ശുപാർശ. എന്നാല്‍, ഇത് നടപ്പാകാതെ വന്നതോടെ ജീവനക്കാരിയും മാതാവും വനംമന്ത്രിക്ക് പരാതി നല്‍കി. തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തത്.
സസ്പെൻഷന് പിന്നാലെയാണ് അശ്ലീലശബ്ദരേഖാവിവാദം ഉടലെടുക്കുന്നത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാരിയുടെ വിശദീകരണം. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുകയാണെന്നും അവർ പറയുന്നു. താൻ ഇത്തരത്തിലൊരു സംഭാഷണവും റെക്കോർഡ് ചെയ്തിട്ടില്ല. മന്ത്രിയുടെ ഓഫീസിലെ ആരും തന്നോട് അങ്ങനെ സംസാരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ തുണയ്ക്കുന്ന ലോബി തനിക്കെതിരെ പ്രവർത്തിക്കുന്നതായും അവർ തനിക്കെതിരെ നടത്തുന്ന പ്രചാരണമായിരിക്കാം അശ്ലീലസംഭാഷണ ശബ്ദരേഖയുമായി ബന്ധപ്പെട്ടുള്ളതെന്നും ജീവനക്കാരി സംശയിക്കുന്നു. മന്ത്രിയുടെ ഓഫീസിനെ സമ്മർദത്തിലാക്കാനുള്ള നീക്കമാവാം ഇതെന്നും അവർ ആരോപിക്കുന്നു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വനിതാ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാരി. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കുമെന്നും അവർ പറയുന്നു. താൻ സർവീസില്‍ കയറിയതുമുതല്‍ തനിക്കെതിരെ ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗത്തിന്റെ നീക്കം നടക്കുന്നതായും അവർ ആരോപിക്കുന്നു. അതേസമയം, സംഭവങ്ങളില്‍ മന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.





