മൂംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിലാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 8 പ്രമുഖ ചിത്രരചയിതാക്കളുടെ ചിത്ര പ്രദർശനം. 2025 മാർച്ച് 4 മുതൽ 10 വരെയാണ് “റാപ്സഡി” എന്ന പേരിൽ നടത്തുന്ന ചിത്ര പ്രദർശനം അക്ബർ ഗ്രൂപ്പ് ചെയർമാൻ കെ വി അബ്ദുൽ നാസർ ഉത്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജെഹാംഗീർ ആർട്ട് ഗാലറിയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കിട്ടുന്ന അവസരം ഏതൊരു ചിത്രകാരന്റെയും സ്വപ്നമാണെന്ന് അബ്ദുൽ നാസർ പറഞ്ഞു. ലോക പ്രശസ്തരായ നിരവധി ചിത്രകാരന്മാർക്കാണ് മുംബൈയിലെ ഈ ചരിത്ര പ്രസിദ്ധമായ ആർട്ട് ഗാലറി വേദിയായിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള 8 ആർട്ടിസ്റ്റുകളുടെ ഒന്നിനൊന്ന് മെച്ചപ്പട്ട ചിത്രങ്ങളാണ് കാണാനായതെന്നും അക്ബർ ഗ്രൂപ്പ് മേധാവി പറഞ്ഞു. കൂടാതെ അഞ്ചു പതിറ്റാണ്ടിലധികമായി ചരിത്ര പ്രധാനമായ ആർട്ട് ഗാലറിയുടെ ചുമതല വഹിക്കുന്ന കാർത്ത്യായനി മേനോൻ മുംബൈ മലയാളികൾക്ക് അഭിമാനമാണെന്നും നാസർ കൂട്ടിച്ചേർത്തു.
ഇന്ത്യ ലോ LLP മാനേജിങ് പാർട്ടണർ അഡ്വ. കെ പി ശ്രീജിത്ത്, കാർത്ത്യായനി മേനോൻ, കേന്ദ്രീയ നായർ സാംസ്കാരിക സംഘ് പ്രസിഡന്റ് ഹരികുമാർ മേനോൻ, ബോംബെ കേരള മുസ്ലിം ജമാ അത് പ്രസിഡന്റ് വി എ കാദർ ഹാജി, കൊളാബ മലയാളി അസോസിയേഷൻ പ്രസിഡന്റ് എബ്രഹാം ജോൺ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി (മഹാരാഷ്ട്ര) പി എൻ മുരളീധരൻ, കൊളാബ മലയാളി അസോസിയേഷൻ പ്രസിഡന്റ് എബ്രഹാം ജോൺ, സെക്രട്ടറി അബി ടി എബ്രഹാം, പടുതോൾ വാസുദേവൻ, മുരളീകൃഷ്ണൻ, കെ വി എസ് നെല്ലുവായ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ചിത്രകാരൻ പ്രണവം ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരായ ആൻ്റണി മുഖത്തല , ഭദ്രൻ കാർത്തിക, ഷമീർ ഹരിപ്പാട്, മോഹന സുബ്രമണി, എസ്.ആർ. ഭദ്രൻ, ടി. ആർ. രാജേഷ്, ചിത്രകാരി ചിത്രാ ജ്യോതി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
രാജ്യത്തെ പ്രമുഖ ആർട്ട് ഗാലറിയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം പങ്ക് വച്ച ചിത്രകാരന്മാർ നഗരത്തിലെ മലയാളികളിൽ നിന്ന് ലഭിച്ച പ്രോത്സാഹനത്തിനും പിന്തുണക്കും നന്ദി പ്രകാശിപ്പിച്ചു.
കേരളത്തിൻ്റെ പ്രകൃതിയേയും, വൈവിധ്യമാർന്ന ജീവജാലങ്ങളേയും, മനുഷ്യ ബന്ധങ്ങളേയും, പ്രകൃതി ചൂഷണത്തിൻ്റെ പ്രത്യാഘാതങ്ങളേയും പ്രമേയമാക്കി വ്യത്യസ്ത നിറങ്ങളിലും ശൈലികളിലുമാണ് ചിത്രകാരന്മാർ അവരുടെ കലാസൃഷ്ടികൾ പൂർത്തികരിച്ചിരിക്കുന്നത്. ആനുകാലിക ചിത്രരചനാ രീതിയാണ് എല്ലാ ചിത്രകാരന്മാരും അനുവർത്തിച്ചിട്ടുള്ളത്. സ്വന്തം ഭാവനയിൽ രൂപപ്പെട്ട ചിത്രങ്ങളാണ് വ്യത്യസ്ത നിറച്ചാർത്തിലൂടെ ക്രിയാത്മകമായി ക്യാൻവാസിൽ പകർത്തപ്പെട്ടിട്ടുള്ളത്. യാതൊരു ദുരൂഹതകളും വച്ചു പുലർത്താതെ കാഴ്ചക്കാരെ നേരിട്ട് ചിത്രങ്ങളിലേക്ക് ആകർഷിക്കുന്ന വിധത്തിലാണ് എല്ലാ ചിത്രകാരന്മാരുടേയും രചനകൾ.
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന സാഗ ആർട്ട് ഗ്രൂപ്പ് എന്ന സംഘടനയിലെ ഭാരവാഹികളും അംഗങ്ങളുമാണ് ചിത്രരചയിതാക്കളെല്ലാം. ഇതിനോടകം കേരളത്തിലെ പ്രമുഖ ഗ്യാലറികളിലെല്ലാം ചിത്ര പ്രദർശനം നടത്തി അഭിനന്ദനങ്ങൾ നേടിയ ചിത്രകാരന്മാർക്ക് കേരള ലളിത കലാ അക്കാദമിയുടെ മിക്ക വാർഷിക പ്രദർശനങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അനേകം ചിത്രകലാ ക്യാമ്പുകളിലും പങ്കെടുത്തു വരുന്ന ഇവരിൽ കേരള ലളിതകലാ അക്കാദമിയുടെ ഗ്രാൻ്റോടുകൂടി സംഘ ചിത്ര പ്രദർശനം നടത്തുവാൻ അവസരം ലഭിച്ചവരുമുണ്ട്.





