ഭീവണ്ടി നാർപോളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് അന്വേഷിക്കുന്നതിനിടെയാണ് 40-50 പേരടങ്ങുന്ന ജനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റത്.
പോലീസ് പറയുന്നതനുസരിച്ച്,കൃഷ്ണ മണ്ഡല് (20), പങ്കജ് കാംബ്ലെ (20), പ്രതീക് മാനെ (21) എന്നിവരാണ് പ്രതികൾ.കൂടാതെ പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എല്ലാവരും ഭിവണ്ടിയിലെ കാമത്ഘർ പ്രദേശത്തെ താമസക്കാരാണ്. പരിക്കേറ്റ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ആകാശ് പവാർ, കോൺസ്റ്റബിൾമാരായ സുനിൽ ഷിൻഡെ, അബ്ദുൾ തദ്വി എന്നിവർ നാർപോളി പോലീസ് സ്റ്റേഷനിൽ ചുമതലയുള്ളവരായിരുന്നു.
ഇവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 18 ന് 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബമാണ് പരാതി യുമായി പോലിസ് സ്റ്റേഷനിൽ വന്നത്.കുട്ടിയുടെ പിതാവ് പ്രതികളെ ചോദ്യം ചെയ്യാൻ പോയപ്പോ മർദനമേറ്റതായും പരാതിയുണ്ട്.സംഭവത്തിൽ മനംനൊന്ത് പെൺകുട്ടി സ്വയം ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
പോക്‌സോ നിയമപ്രകാരമുള്ള കേസായതിനാൽ പ്രതിയെ കണ്ടെത്താൻ പോലീസ് സംഘത്തെ കാമത്ഘറിലെ വരാഹൽ ദേവിയിലേക്ക് അയച്ചു. എന്നാൽ, ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയ പ്പോൾ 40 മുതൽ 50 വരെ ആളുകൾ തടിച്ചുകൂടുകയും , രൂക്ഷമായ തർക്കത്തിന് കാരണമാവുകയും ചെയ്തു.ഇതിനിടയിൽ ഒരാൾ പോലീസിനുനേരെ കല്ലെറിയുകയും ആക്രമണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.പിന്നീട് ജനക്കൂട്ടം ഉദ്യോഗസ്ഥരെ കല്ല് കൊണ്ടും വടി കൊണ്ടും ആക്രമിച്ചു, കല്ലേറിൽ പോലീസ് വാഹനത്തിൻ്റെ ഗ്ലാസും തകർന്നിരുന്നു.പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥരിൽ രണ്ടാളുടെ നില ഭദ്രമാണ്. ഒരാളുടെ നില മാത്രമാണ് ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.





