മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കല്‍ ജോർജ് – റെജി ദമ്ബതികളുടെ മകള്‍ എലീന ജോർജും വിവാഹിതരായി.സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പെടെ പങ്കെടുത്തു. വിവാഹ വിവരം മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു.ആർ. പാർവതി ദേവിയുടെയും എന്റെയും മകൻ പി. ഗോവിന്ദ് ശിവനും തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോർജിൻ്റെയും റെജിയുടെയും മകള്‍ എലീന ജോർജും സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹിതരായി.. എന്നാണ് വിവാഹച്ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചത്. നിരവധി പേരാണ് ആശംസ അറിയിച്ചും ലളിത വിവാഹത്തെ അഭിനന്ദിച്ചും കമന്റുകള്‍ ഇട്ടിരിക്കുന്നത്.
കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇത്തരം ഒരു ചടങ്ങ് ലളിതമായി നടത്തി എല്ലാവർക്കും എല്ലാ രീതിയിലും മാതൃകയായ പ്രീയപ്പെട്ട ശിവൻ കുട്ടി സഖാവിന് അഭിവാദ്യങ്ങള്‍, നവ ദമ്ബതികള്‍ക്ക് ആശംസകള്‍ നേരുന്നു സഖാവേ…
മകന്റെ വിവാഹം ഇത്രയും ലളിതമായി, ആഡംബര രഹിതമായി നടത്തി മാതൃക കാട്ടിയ സഖാവിന് അഭിനന്ദനങ്ങള്‍. ഇന്ന് പല നേതാക്കളും, വാക്കുകള്‍ കൊണ്ട് അമ്മാനമാടുമെങ്കിലും, പ്രവർത്തിയില്‍ അവരുടെ ആദർശം കാണിക്കാറില്ല. അവിടെയാണ് താങ്കള്‍ വിജയിച്ചത്…. ലാല്‍സലാം, വിവാഹം എന്നത് ജ്വല്ലറി യുടെ പരസ്യം പോലെ ആക്കാതെ മാതൃകാ പരമായ ഒരു ചടങ്ങ് ആക്കിയ സഖാവിന്റെ കുടുബത്തിന് അഭിനന്ദനങ്ങള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേ സമയം, ശിവൻകുട്ടിയുടെ മകന്റെ വിവാഹം നടന്ന റോസ് ഹൗസ് മുൻപ് മറ്റൊരു പ്രണയ വിവാഹത്തിനും സാക്ഷിയായിട്ടുണ്ട്. 1957 ല്‍ കെ ആർ ഗൗരിയമ്മയും ടി വി തോമസും വിവാഹിതരായത് റോസ് ഹൗസിലാണ്. രസകരമായികുന്നു ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും പ്രണയം.
വീടുകള്‍ അടുത്താണെങ്കിലും റോഡ് ചുറ്റി വേണമായിരുന്നു ഗൗരിയമ്മയ്ക്കും ടി വി തോമസിനും തമ്മില്‍ കാണാൻ. മതിലില്‍ ഒരു വിടവ് ഉണ്ടാക്കി പിന്നീട് യാത്ര ആ വിടവിലൂടെയായിരുന്നു ഇരുവരുടെയും പ്രണയം.അത് മനസ്സിലാക്കി അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് ആണ് വിവാഹത്തിന് മുൻകൈ എടുത്തത്.






