കേന്ദ്ര ബജറ്റില്‍ ഇടത്തരക്കാർക്ക് ആശ്വാസം നല്‍കിയ ആദായ നികുതി ഇളവിനെതിരെ സംസ്ഥാന മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ഉപഭോഗ ചെലവ് വർധിപ്പിക്കാൻ ഈ മാർഗം സഹായകമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
തീരുമാനം ഇടത്തരക്കാർക്ക് സന്തോഷം നല്‍കുമെങ്കിലും അവർ വരുമാനത്തില്‍ ഗണ്യമായ ഭാഗം സമ്ബാദിക്കുന്നവരായതിനാല്‍ സമ്ബദ് വ്യവസ്ഥക്ക് കൂടുതല്‍ ഗുണകരമാകില്ലെന്നും ഫേസ്ബുക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
‘കൂടുതല്‍ വരുമാനം അവരുടെ കൈകളിലിരുന്നാല്‍ ഉപഭോഗ ചെലവ് ഉയരുമെന്നാണ് സർക്കാരിനു പ്രതീക്ഷ. ഒരു ലക്ഷം കോടി രൂപ ഇങ്ങനെ ഇടത്തരക്കാരുടെയും സമ്ബന്നരുടെയും കൈകളിലെത്തും എന്നാണു കണക്കുകൂട്ടല്‍. പക്ഷേ, ഉപഭോഗ ചെലവ് വർദ്ധിപ്പിക്കാനുള്ള നല്ല മാർഗ്ഗം ഈ നികുതി പിരിച്ച് പാവപ്പെട്ടവരുടെ പെൻഷനും തൊഴിലുറപ്പും വർദ്ധിപ്പിക്കുകയെന്നതായിരുന്നു. കാരണം ഇവർ പെൻഷനും കൂലിയും പൂർണമായും ചെലഴിക്കും. ഇടത്തരക്കാർ അവരുടെ വരുമാനത്തില്‍ ഗണ്യമായ ഭാഗം സമ്ബാദിക്കും. ഏതായാലും ഒരു കാര്യം ഉറപ്പ്. അസമത്വം ഇനിയും കുത്തനെ ഉയരും’ -തോമസ് ഐസക് വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
കേന്ദ്ര ബജറ്റ് സാമ്ബത്തിക വളർച്ച മുരടിപ്പിക്കും. അസമത്വം വർദ്ധിപ്പിക്കും. ജനദുരിതം ഏറും. കേരളത്തെ കൂടുതല്‍ വിഷമത്തിലാക്കും.
2024-25-ലെ ജിഡിപി വളർച്ച 6.4 ശതമാനം മാത്രമാണ്. 2025-26-ല്‍ ഇതിലും താഴാനാണു സാധ്യത. കാരണം കയറ്റുമതി വർദ്ധിക്കുന്നില്ല. ഉപഭോഗ ചെലവ് ഉയരുന്നില്ല. അതുകൊണ്ട് മുതല്‍മുടക്കാൻ നിക്ഷേപകർ മടിക്കുന്നു. ഇങ്ങനെയൊരു സന്ദർഭത്തില്‍ ചെലവ് ഉയർത്തുകയാണ് ഏതൊരു സർക്കാരും സാധാരണഗതിയില്‍ ചെയ്യേണ്ടത്. എന്നാല്‍ മോദി 2024-25-ല്‍ സർക്കാർ ചെലവ് 14.9 ശതമാനം ആയിരുന്നത് 14.1 ശതമാനമായി ചുരുക്കിയിരിക്കുന്നു.
മോദി സർക്കാരിന്റെ എല്ലാ ബജറ്റിലും പൊതുവായി കാണാവുന്ന പ്രവണത ചെലവ് ചുരുക്കലാണ്. ഏക അപവാദം കോവിഡ് കാലത്ത് മാത്രമാണ്. 2011-12-ല്‍ സർക്കാർ ചെലവ് ജിഡിപി അനുപാതം 14.38 ശതമാനം ആയിരുന്നു. ബിജെപി ഭരണത്തിന്റെ ആദ്യ വർഷം 2014-15-ല്‍ 13.3 ആയി കുറഞ്ഞു.
മോദിയുടെ ഭ്രാന്തൻ നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകളുംമൂലം സാമ്ബത്തിക വളർച്ച തുടർച്ചയായി മന്ദീഭവിച്ചു. അപ്പോഴും കേന്ദ്രം സർക്കാർ ചെലവ് ചുരുക്കുകയെന്ന നയം തന്നെ കൈക്കാണ്ടു. 2017-18-ല്‍ 12.25 ശതമാനത്തില്‍ എത്തി.
കോവിഡ് വർഷം അത് 17.7 ശതമാനമായി ഉയർന്നു. തുടർന്ന് 2024-25 ആയപ്പോഴേക്കും 14.9 ശതമാനമായി. ഇതിപ്പോള്‍ വീണ്ടും ഇടിച്ചിരിക്കുകയാണ്.
എന്തുവന്നാലും കമ്മി കുറയ്ക്കുക എന്നതാണ് ബജറ്റിന്റെ പ്രഥലക്ഷ്യം. വിദേശമൂലധനത്തെ പ്രീതിപ്പെടുത്താൻ ഇത്തരമൊരു നടപടി കൂടിയേതീരൂ. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ വിദേശ കരുതല്‍ശേഖരത്തില്‍ നിന്ന് ഡോളർ ചെലവഴിക്കേണ്ടി വരുന്നു. 705 ബില്യണ്‍ ഡോളർ ആയിരുന്ന വിദേശ കരുതല്‍ശേഖരത്തില്‍ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 79 ബില്യണ്‍ ഡോളർ ചെലവഴിക്കേണ്ടിവന്നു. കൂടുതല്‍ വിദേശമൂലധനം ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അപകടത്തിലേക്കു നീങ്ങാം. അതുകൊണ്ട് ധനകമ്മി കുറച്ചേതീരൂ. രാജ്യം സാമ്ബത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കിലും ചെലവ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാണ്.
ചെലവ് ചുരുക്കാതെ കമ്മി കുറയ്ക്കാമായിരുന്നു. പക്ഷേ, കേന്ദ്ര ധനമന്ത്രി ആദായ നികുതിയില്‍ ഇളവ് നല്‍കാനാണു ശ്രമിച്ചത്. ഇടത്തരക്കാർക്ക് സന്തോഷം. കൂടുതല്‍ വരുമാനം അവരുടെ കൈകളിലിരുന്നാല്‍ ഉപഭോഗ ചെലവ് ഉയരുമെന്നാണ് സർക്കാരിനു പ്രതീക്ഷ. ഒരു ലക്ഷം കോടി രൂപ ഇങ്ങനെ ഇടത്തരക്കാരുടെയും സമ്ബന്നരുടെയും കൈകളിലെത്തും എന്നാണു കണക്കുകൂട്ടല്‍.
പക്ഷേ, ഉപഭോഗ ചെലവ് വർദ്ധിപ്പിക്കാനുള്ള നല്ല മാർഗ്ഗം ഈ നികുതി പിരിച്ച് പാവപ്പെട്ടവരുടെ പെൻഷനും തൊഴിലുറപ്പും വർദ്ധിപ്പിക്കുകയെന്നതായിരുന്നു. കാരണം ഇവർ പെൻഷനും കൂലിയും പൂർണമായും ചെലഴിക്കും. ഇടത്തരക്കാർ അവരുടെ വരുമാനത്തില്‍ ഗണ്യമായ ഭാഗം സമ്ബാദിക്കും. ഏതായാലും ഒരു കാര്യം ഉറപ്പ്. അസമത്വം ഇനിയും കുത്തനെ ഉയരും.
സാമൂഹ്യമേഖലകളുടെ അടങ്കല്‍ കൂടിയോ കുറഞ്ഞോ? ബജറ്റിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹ്യക്ഷേമം എന്നിവയ്ക്കായി ചെലവഴിക്കുന്നത്? തുക വർദ്ധിച്ചുവെന്നാണ് കേന്ദ്ര ധനമന്ത്രി പറയുക. പക്ഷേ, മൊത്തം ബജറ്റ് ചെലവില്‍ ഇവയുടെ വിഹിതം കുറയുകയാണ്. 2017-18-ല്‍ 14.42 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ആയപ്പോഴേക്കും അത് 11.03 ശതമാനമായി കുറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും 10.9 ശതമാനമായി കുറഞ്ഞു. തൊഴിലുറപ്പിനോ സാമൂഹ്യക്ഷേമ പെൻഷനോ നാമമാത്രമായ വർദ്ധനയ്ക്കുപോലും തയ്യാറായില്ല.
സംസ്ഥാനങ്ങള്‍ക്കു മൊത്തത്തില്‍ കൂടുതല്‍ നല്‍കിയിട്ടുണ്ടല്ലോ എന്നതാണ് കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം. പക്ഷേ, യഥാർത്ഥത്തില്‍ എത്ര തന്നു എന്നതാണ് മറ്റൊരു ചോദ്യം. 2024-25-ല്‍ 2 ലക്ഷം കോടിയിലേറെ രൂപയാണ് വകയിരുത്തലില്‍ നിന്നു വെട്ടിക്കുറച്ചത്. ഈ വർഷവും അങ്ങനെയൊരു കടുംവെട്ട് നടത്തുമോയെന്നത് മറ്റൊരു കാര്യം. എന്തായാലും കേരളത്തിനു പ്രത്യേകിച്ച് ഒന്നുമില്ല. ജോർജ് കുര്യനും സുരേന്ദ്രനും പറഞ്ഞതാണ് ബിജെപിയുടെ മനോഭാവം.







