സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരായ പരാതിയില്‍ നടിക്ക് വേണ്ടി ഹാജരാകുന്നത് തിരക്കഥാകൃത്തും നടിയുമായി അഡ്വക്കേറ്റ് ശാന്തി മായാദേവി.ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 2വില്‍ അഭിഭാഷകയായി അഭിനയിച്ച നടിയാണ് ശാന്തി മായാദേവി. ഇതേ ടീമിന്റെ നേര് എന്ന സിനിമയുടെ തിരക്കഥ നിര്‍വഹിച്ചതും ശാന്തി മായാദേവി തന്നെയായിരുന്നു.ഈ ചിത്രത്തില്‍ ശാന്തി അഭിനയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് നടിയുടെ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരനെതിരെ എറണാകുളം എളമക്കര പൊലീസ് കേസെടുത്തത്. പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നു എന്നും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നുമാണ് നടിയുടെ പരാതി. സനല്‍ കുമാറിനെതിരെ ഇതേ നടി 2022 ല്‍ നല്‍കിയ പരാതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.
ഈ കേസില്‍ സനല്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നല്‍കിയത്. മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് ജനുവരി 27 നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ യു എസിലെ വിര്‍ജിനിയയിലാണ് സനല്‍ കുമാര്‍ ശശിധരന്‍ താമസിക്കുന്നത് എന്നാണ് വിവരം.
സനല്‍ കുമാര്‍ ശശിധരനെ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തില്‍ മുന്നോട്ടുള്ള നടപടികള്‍ കൊണ്ടുപോകും എന്നാണ് ശാന്തി മായാദേവി പറയുന്നത്. രണ്ടാം തവണയാണ് പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കുന്നതെന്ന് ശാന്തി മായാദേവി പറഞ്ഞു. കുറ്റകരമായി ഭീഷണിപ്പെടുത്തുക, അപകീര്‍ത്തികരമായ വിധത്തില്‍ നടിയുടെ പേര് ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുക, വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുക എന്നതെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
2022 ല്‍ ഐപിസി 354 ഡി പ്രകാരമാണ് കേസ് എടുത്തത് എങ്കില്‍ ഇത്തവണ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഇന്ത്യയില്‍ ആണെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സനല്‍കുമാര്‍ നേരിടേണ്ടി വരും എന്നും ശാന്തി വ്യക്തമാക്കി. അതേസമയം വിദേശത്തായതിനാല്‍ തന്നെ സനല്‍കുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ എംബസി വഴി പ്രതിക്കെതിരായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ തുടരുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് എന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്നതിനെതിരായി നിയമനടപടികള്‍ സ്വീകരിക്കും എന്ന് നടി അറിയിച്ചിട്ടുണ്ട്.






