ഇന്ത്യയില്‍ പുതിയതായി നടപ്പാക്കുവാൻ പോകുന്ന പ്രവാസികളുടെ ഭൂമി ക്രയവിക്രയ നികുതി വർദ്ധനവിനെതിരെ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തുന്നു.ഇന്ത്യൻ പൗരന്മാർ അല്ലാത്ത പ്രവാസികള്‍ ഇന്ത്യയില്‍ ഭൂമി വില്‍പ്പന നടത്തുമ്ബോള്‍ 20 ശതമാനം നികുതി നല്‍കണമെന്ന പുതുക്കിയ നയത്തിനെതിരെ ഓണ്‍ലൈൻ ഒപ്പ് ശേഖരണം നടത്തുന്നതിന് ഫൊക്കാന പ്രസിഡൻറ് സജിമോൻ ആൻറണിയുടെ നേതൃത്വത്തില്‍ കൂടിയ കമ്മറ്റി തീരുമാനിച്ചു.

തദ്ദേശീയരായ ഇന്ത്യക്കാർക്ക് ഭൂമിയുടെ വില്‍പ്പനയ്ക്ക് 10 ശതമാനം നികുതി നല്‍കുമ്ബോഴാണ് പ്രവാസികളായ ഇന്ത്യൻ പൗരന്മാരെ അല്ലാത്തവർക്ക് 20 ശതമാനം നികുതി എന്ന് പുതുക്കി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈയൊരു നികുതി വർദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രവാസികളായ അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ഗള്‍ഫ് മലയാളി സമൂഹത്തിന് ആണ്. ഇന്ത്യൻ സമ്ബദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്ന പ്രവാസികള്‍ ഏവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച്‌ അടുത്തയാഴ്ച ബഡ്ജറ്റ് സമ്മേളനത്തിനായി പാർലമെൻറ് കൂടി ഇതില്‍ നിയമനിർമാണം നടക്കുന്നതിന് മുൻപ് സത്വര നടപടികള്‍ കൈക്കൊള്ളേണ്ടത് ആവശ്യമാണെന്നും ഫൊക്കാന ആഹ്വാനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുൻ കേന്ദ്ര മന്ത്രിയും എം പി യുമായ കെ സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം പി, ശശി തരൂർ എം പി, എൻ കെ പ്രേമചന്ദ്രൻ എം പി. എന്നിവർക്ക് ഈ പ്രശ്നത്തില്‍ ഇടപെടണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലെത്തിച്ചേരുന്ന പ്രവാസി പണം സംബന്ധിച്ച ലോക ബാങ്കിന്റെ 2024 ലെ അവലോകന റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തുന്ന രാജ്യം. 2023 ല്‍ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) പ്രവാസി പണം ഇന്ത്യയിലെത്തി എന്നാണ് കണക്ക്. 2024 ല്‍ ഇത് 13,500.00 കോടി ഡോളർ കഴിഞ്ഞിരിക്കാം എന്നാണ് കണക്ക്. രാജ്യത്തിന് വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്ക് രാജ്യം പക്ഷേ എന്താണ് തിരിച്ചുനല്‍കുന്നത്? സ്വന്തം രാജ്യത്തു ഇത്തിരി മണ്ണ് വേണമെന്ന് എല്ലാ പ്രവാസികള്‍ക്കും ആഗ്രഹമുണ്ട് !

പ്രവാസികള്‍ പൊതുവെ സാമ്ബത്തികമായി ഉയര്‍ന്നവരാണെന്ന ധാരണയാണ് സമൂഹത്തിനെന്ന പോലെ സര്‍ക്കാറിനുമുള്ളത്. പ്രവാസികളില്‍ ചുരുക്കം പേര്‍ മാത്രമാണ് സ്വന്തമായി ബിസിനസ്സ് ഉള്ളവരും ഉയര്‍ന്ന ശമ്ബളം വാങ്ങുന്നവരും. തുച്ഛമായ ശമ്ബളത്തിന് ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. കുടുംബവും നാടും വിട്ട് പുറം രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടാന്‍ ആഗ്രഹമുള്ളവരല്ല ഇവരാരും. ഈ ഫണ്ടുകള്‍ രാജ്യത്തിന് വലിയൊരനുഗ്രഹമായി മാറുന്നുവെന്നാണ് അവര്‍ മുഖേന ലഭ്യമാകുന്ന വിദേശ പണത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.

ഈ ഒപ്പ് ശേഖരണ യജ്ഞത്തില്‍ ഏവരും പങ്കാളികളാകണമെന്ന് ഫൊക്കാനാ പ്രസിഡണ്ട് സജിമോൻ ആൻറണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫൊക്കാന പ്രസിഡൻറ് സജിമോൻ ആൻറണി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ചകള്‍ നടത്തി വരികയാണ്. എന്നാല്‍ ഇതൊരു ബഹുജനമുന്നേറ്റമായി മാറിയെങ്കില്‍ മാത്രമേ ഈ ഒരു പോളിസി ചെയിഞ്ചില്‍ നിന്നും ഗവണ്‍മെന്‍റ് പിന്മാറുകയുള്ളുവെന്നും ഏവരും ഈ ഓണ്‍ലൈൻ ഒപ്പ് ശേഖരണത്തില്‍ പങ്കാളികളാകണമെന്നും ഫൊക്കാന ഭാരവാഹികള്‍ അഭ്യർത്ഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക