
നവിമുംബൈ: സുവ്വർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക കുടുംബ സംഗമം ജനുവരി 12, ഞായറാഴ്ച, വാഷിയിലെ ശ്രീ ബാലാജി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഷ്ടപദിയോടെ ആരംഭിച്ച ചടങ്ങിൽ സഭയുടെ മുതിർന്ന പ്രവർത്തകർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി, സൂരജ് ഞാളൂർ സ്വാഗതമാശംസിച്ചു.
തുടർന്നു നടന്ന ‘കേളീനളിനം’ ബാലെയിൽ മുംബെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി യോഗക്ഷേമ സഭയുടെ അംഗങ്ങളായ 50 ൽ അധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. ബാലെയുടെ രചയിതാവായ പരേതനായ കാളാട്ടു പാവേരി ശങ്കരനാരായണനെ ഗീത കപ്പിയൂർ അനുസ്മരിച്ചു. ദേവലോക നർത്തകിമാരായ ഉർവ്വശി, മേനക, രംഭ, തിലോത്തമമാരുടെ കേരളത്തിലേയ്ക്കുള്ള സന്ദർശനവും അവരെ സ്വാഗതം ചെയ്യുന്ന കേരളാംഗനമാരും പശ്ചാത്തലത്തിൽ വന്നുപോകുന്ന വിവിധ നൃത്തരൂപങ്ങളും കേരളത്തിൻ്റെ കലാ-സാംസ്കാരിക വൈവിധ്യത്തെ വിളിച്ചോതുന്നതായി.

തുടർന്ന് അരങ്ങേറിയ കുട്ടികളുടേതും മുതിർന്നവരുടേതുമായ വിവിധ കലാപ്രകടങ്ങളും മികച്ച നിലവാരം പുലർത്തി. കലാപ്രകടനങ്ങളുടെ ഏകോപനം കൃഷ്ണപ്രിയ നിർവ്വഹിച്ചു. സുനിത ഏഴുമാവ്, കിരൺ പറവട്ടം എന്നിവർ അവതാരകരായിരുന്നു.മോഹനൻ ആലയ്ക്കാട്, മുരളി കപ്ലിങ്ങാട്, എന്നിവരുടെ നേതൃത്വത്തിൽ സഭയുടെ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ രുചിക്കൂട്ടുകളുടെ കലവറയായിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡണ്ട് രാധാകൃഷ്ണൻ മുണ്ടയൂർ (രാജീവ്) അദ്ധ്യക്ഷനായിരുന്നു.

ഫെബ്രുവരി 23 ന് ഞായറാഴ്ച ഡോംബിവില്ലിൽ വച്ച് നടത്തപ്പെടുന്ന കഥകളിയെക്കുറിച്ച് അദ്ധ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചു. തുടർന്ന്, സ്വാഗത സംഘം ജനറൽ കൺവീനർ വിജു മരുത്തശ്ശേരിൽ സംസാരിച്ചു. പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന കേരളത്തിൽ നിന്നുൾപ്പെടെയുള്ള മുൻകാല ഭാരവാഹികളെ വേദിയിൽ ആദരിച്ചു. മുരളി കപ്ലിങ്ങാട്, സൂരജ് അക്കരച്ചിറ്റൂർ, സാജൻ മാത്തൂർ, സ്മിത അരയന്നമംഗലം, ഗിരിജ താമരശ്ശേരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബിന്ദു പഴയം നന്ദി പ്രകാശിപ്പിച്ചു.

വാർഷിക സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും വേദിയിൽ വച്ച് വിതരണം ചെയ്യപ്പെട്ടു. വാർഷിക സംഗമത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് സഭയുടെ സ്നേഹോപഹാരവും സഭയുടെ പ്രസിദ്ധീകരണമായ ‘പ്രവാസ’ത്തിൻ്റെ പുതിയ ലക്കവും വിതരണം ചെയ്തു.തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായ ഹ്രസ്വമായ ചടങ്ങുകളോടെ വൈകുന്നേരം 6 മണിക്ക് വാർഷിക സംഗമത്തിന് സമാപനമായി.