13 വർഷത്തിനു ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കി തമിഴ് സൂപ്പർതാരം അജിത് കുമാർ. 24 മണിക്കൂർ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്തു.നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാർ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ ട്രാക്കിലെ വിജയത്തോടെ താരം ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.അജിത് 24 എച്ച് ദുബായ് റേസിങ്ങില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത വിവരം അജിത്തിന്റെ മാനേജർ എക്സിലൂടെയാണ് അറിയിച്ചത്. 991 വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയതായും അപകടത്തിനുശേഷമുള്ള ഉജ്ജ്വലതിരിച്ചുവരവെന്നും അദ്ദേഹം കുറിച്ചു.
വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്. മകനെ കെട്ടിപ്പിടിക്കുന്നതും ഭാര്യയും നടിയുമായ ശാലിനിയെ ചുംബിക്കുന്നതും വീഡിയോയിലുണ്ട്. വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്.
നേരത്തേ റേസിങ് പരിശീലനത്തിനിടെയാണ് അജിത്തിന്റെ കാർ അപകടത്തില്‍പെട്ടത്. ദുബായ് എയറോഡ്രോമില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പെടുമ്ബോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റർ ആയിരുന്നു. അതിവേഗത്തില്‍ ചീറിപ്പായുമ്ബോള്‍ കാർ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. മുൻവശം തകർന്ന കാർ, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടൻതന്നെ രക്ഷാപ്രവർത്തകരെത്തി അജിത്തിനെ പുറത്തിറക്കി.
2002-ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാമ്ബ്യൻഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍, ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുകയും മുഴുവൻ സീസണും പൂർത്തിയാക്കുകയും ചെയ്തു. 2004-ല്‍ ബ്രിട്ടീഷ് ഫോർമുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂർത്തിയാക്കാൻ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010-ല്‍ യൂറോപ്യൻ ഫോർമുല 2 സീസണില്‍ മത്സരിക്കാൻ അവസരം ലഭിച്ചു. പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, ‘അജിത് കുമാർ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോർഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.






