കുമളി ബസ് സ്റ്റാൻഡില്‍ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിക്കാനെത്തിയപ്പോള്‍ ആണ് നാടകീയ സംഭവങ്ങള്‍ അരങേറിയത്.
സംഭവത്തിൽ കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്ബത്ത് താമസക്കാരനുമായ മഹേശ്വരനെ പോലീസ് പിടികൂടി. രാവിലെയാണ് നാടിനെ പരിഭ്രാന്തിയിലാക്കി സംഭവം നടന്നത്. കുമളി ബസ് സ്റ്റാൻഡില്‍ വച്ച് ചെങ്കര സ്വദേശി പുതുക്കാട്ടില്‍ സുനിലിനെ ചെങ്കര സ്വദേശിയായ മഹേശ്വരൻ കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിനും നെഞ്ചിനും കൈക്കും സുനിലിന് പരിക്ക് പറ്റിയിട്ടുണ്ട്.
മഹേശ്വരനും ഭാര്യയും കുറച്ച് നാളായി പിരിഞ്ഞാണ് താമസിക്കുന്നത്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് മുൻപും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്.ഒടുവില്‍ ഇന്ന് പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യില്‍ കരുതിയിരുന്ന കത്തി വച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു.






