അയല്‍ക്കാരനായ യുവാവുമായി പ്രണയത്തിലായ മകളെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു യുവാവിന് വിവാഹം ചെയ്തു നല്‍കി.ആഴ്ചകള്‍ക്കു ശേഷം വീട്ടില്‍ വിരുന്നിനെത്തിയ യുവതി കാമുകനുമായി ഒളിച്ചോടി. തുടർന്ന് 22 കാരിയായ യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാഗ്പതിയില്‍ ബിനൌലി സ്വദേശിയായ 22 കാരി സുമൻ കുമാരിയെയാണ് ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയത്.
ബുധനാഴ്ച പുതുവത്സര ദിനത്തിലായിരുന്നു സംഭവം അരങ്ങേറിയത്. അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു.22കാരിയുടെ കാമുകൻ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തേക്കുറിച്ച് ബിനൌലി പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. നീരജ് കുമാറും 22കാരിയും അയല്‍വാസികളായിരുന്നു. ഏറെക്കാലമായി ഇവർ തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 23ന് യുവതിയുടെ എതിർപ്പ് മറികടന്ന് ഹരിയാന സ്വദേശിയായ 28കാരൻ കൃഷ്ണ യാദവിന് വീട്ടുകാർ യുവതിയെ വിവാഹം ചെയ്ത് നല്‍കി.
വിവാഹത്തിന് ശേഷം കഴിഞ്ഞ മാസം ബിനൌലിയിലേക്ക് ഡിസംബർ 29ന് യുവതിയും ഭർത്താവും വിരുന്നുവന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാർ 22കാരിയുടെ കാമുകന്റെ വീട്ടിലെത്തി മകളെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ജനുവരി 1 രാത്രി യുവതിയുടെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ട യുവാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോഴേയ്ക്കും യുവതിയെ സഹോദരനും ഭർത്താവും മറ്റ് രണ്ട് പേരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ പാടത്ത് തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.