മുംബൈ:കേളിയുടെ 32 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാട്ടത്തിലെ ഫോക് ലോര്‍ പ്രമേയമായി സംഘടിപ്പിച്ച,ദ്വിദിന വനിതാ നാടകോത്സവത്തിനു തിരശ്ശീലവീണു. ഡിസംബർ 21ന് നെരൂള്‍, എന്‍ ബി.കെ. എസ് ഹാളില്‍ ആരംഭിച്ച വനിതാ നാടകോത്സവം ഉസ്താദ് സാക്കീര്‍ ഹുസ്സൈന്‍റെ ദേഹവിയോഗത്തില്‍ ഒരു നിമിഷം മൌനം ആചരിച്ചു കൊണ്ടാണ് ആരംഭിച്ചത്. നാടകോത്സവം പ്രശസ്ത ചിത്രകാരനും , കൊച്ചി മുസിരിസ് ബിനാലെയുടെ ഡയരക്ടറുമായ ബോസ് കൃഷ്ണമാചാരി ഭദ്രദീപം കൊളുത്തിക്കൊണ്ട്, ഫോക് ലോറിസ്റ്റ്, ഡോ.എസ്.കെ. നായരുടെ സ്മരണക്ക് മുന്നില്‍ സമര്‍പ്പിച്ചു.

കേളിയുടെ രജതശംഖ് ബോസ് കൃഷ്ണമാചാരി കലാമണ്ഡലം സിന്ധുവിന് സമ്മാനിച്ചു. ഒന്നാം ദിവസം താരയുടെ ആത്മഗതങ്ങളും, രണ്ടാം ദിവസം ഭഗവദ്ദജ്ജുകവുമാണ് അരങ്ങേറിയത് പഞ്ചകന്യകള്‍ അരങ്ങത്ത് പാടില്ല എന്നത് കൂടിയാട്ടത്തില്‍ നടപ്പില്‍ ഉണ്ടായിരുന്ന ഒരു പഴമൊഴിയായിരുന്നു . അതൊരു പുരുഷാധിപത്യ സമൂഹത്തിന്‍റെ നിര്‍മ്മിതിയാണ്. അതിനെ ചോദ്യം ചെയ്തു കൊണ്ട് കൂടിയാട്ടത്തിലെ ഇന്നത്തെ സ്ത്രീ സമൂഹം മുന്നോട്ടു വന്നു. അതിന്റെ ഭാഗമായി അരങ്ങ് കാണാതിരുന്ന അഹല്യ, ദ്രൌപതി, സീത, മണ്ഡോദരി എന്നീ കഥാപാത്രങ്ങള്‍ അരങ്ങ് കണ്ടു. നാമമാത്രമായി അരങ്ങില്‍ നിശ്ശബ്ദ സാന്നിധ്യ മായി നിലകൊണ്ട താരയ്ക്ക് ഒരു നിർവ്വഹണം ചെയ്യാനുള്ള സാധ്യത ആര്‍ക്കും കണ്ടെത്താന്‍ ആയില്ല.

അതിനിടയില്‍ ശ്രീമതി കലാമണ്ഡലം സിന്ധുവിന്‍റെ ഗവേഷണഫലമായി 2023 ൽ മായുരാജൻ്റെ ഉദാത്തരാഘവം നാടകത്തിലെ നാലാമങ്കത്തിൽ പ്രവേശിക്കുന്ന താരയുടെ സന്ദര്‍ഭം അധികരിച്ച് ഒരു നിർവ്വഹണം ആദ്യമായി എഴുതി കലാമണ്ഡലം സിന്ധു ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. അതാണ് കേളി വനിതാ നാടകോത്സവത്തില്‍ ആദ്യ ദിവസം സിന്ധുവും സംഘവും അവതരിപ്പിച്ചത്. ബാലിവധത്തിന് ശേഷം സുഗ്രീവന്റെ ഭാര്യയായ ശേഷം ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ താര അതുവരെയുള്ള തന്റെ ജീവിതത്തിലെ ഭാഗ്യമില്ലായ്മകളെല്ലാം ചിന്തിക്കുകയാണ് . അതില്‍ ബാലിയുടെ മരണ സന്ദർഭം വിവരിക്കുന്ന ഭാഗത്ത് കരഞ്ഞ് മോഹാലസ്യപ്പെട്ട്, പിന്നെ ഉണർന്ന് പിടിച്ചവരുടെ കൈകള്‍ കുടഞ്ഞെറിഞ്ഞ് ദുഃഖത്തിന്‍റെ പാരമ്യത്തില്‍ മംഗല്യസൂത്രം വലിച്ചു പൊട്ടിച്ച് രാമന് നേരെ എറിയുന്ന ഭാഗം സമകാലത്തെ സ്ത്രീ ആവിഷ്കാരത്തിന്റെ ഏറ്റവും ശക്തമായ നിമിഷംആകും എന്ന് തോന്നുന്നു.

നിങ്ങൾ ഇതിലൂടെ ലോകർക്ക് കൊടുക്കുന്ന സന്ദേശംഎന്താണ് ?ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നോ? ഇത് കാട്ട് ജാതിയോടുള്ള അധികാര പ്രകടനം അല്ലെ ? ചതി കൊണ്ട് ജയിച്ചവനെന്നറിയപ്പെടുന്നത് ഖ്യാതിയോ തുടങ്ങിയ താരയുടെ ചോദ്യങ്ങളെ സിന്ധുവിന്റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകര്‍ അതെ തീവ്രതയോടെ ഏറ്റു വാങ്ങി.
രണ്ടാംദിവസം ബോധായന്റെ നാടകമായ ഭഗവദ്ദജ്ജുകത്തിലെ ഉദ്യാന വര്‍ണ്ണന കലാമണ്ഡലം സിന്ധുവും കലാണ്ഡലം സംഗീതയും ചേര്‍ന്ന് മനോഹരമായി അവതരിപ്പിച്ചു. മിഴാവില്‍ കലാമണ്ഡലം ജയരാജും, കലാമണ്ഡലം രാഹുലും ഇടക്കയില്‍ മാര്‍ഗി അഖിലും, താളത്തില്‍ മാര്‍ഗി അമൃതയും വേദിയിലെത്തി . പരിപാടിയില്‍ ഉടനീളം ദിലീപ് കുമാര്‍ കൊടുങ്ങല്ലൂര്‍ സ്ക്രീനില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി നല്‍കിയ ദൃക് സാക്ഷി വിവരണം എല്ലാവരുടെയും ആസ്വാദനം അനായാസവും ഹൃദയവും ആക്കി. എന്‍. ബി.കെ.എസ് സെക്രട്ടറി പ്രകാശ് കാട്ടാക്കട, കെ.കെ. എസ് പ്രസിഡന്റ് ടി.എന്‍. ഹരിഹരന്‍, ഡോ. ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികള്‍ക്ക് പൂച്ചെണ്ട് നല്‍കി ആദരിച്ചു. പ്രശസ്ത കര്‍ണാടക സംഗീതജ്ഞ രാധാ നമ്പൂതിരി , പ്രശസ്ത ദ്രുപദ് സംഗീതജ്ഞന്‍ പണ്ഡിറ്റ് പുഷ്പരാജ് കോഷ്ടി, പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയായ രുഗ്മിണി സാഗര്‍ എന്നിവര്‍ കലാകാരന്മ്മാരെ ആദരിച്ചു.






