കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.ഗോവയില്‍ നിന്നുള്ള നേതാവായ ആർലേകർ ഉടൻ കേരള ഗവർണറായി ചുമതലയേറ്റെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആർലേകർ കറകളഞ്ഞ ആർഎസ്‌എസ്സുകാരനാണ്. ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവർത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇൻഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാൻ, ഗോവ എസ്.സി ആന്റ് അദർ ബാക്ക്വേർഡ് ക്ലാസസ് ഫിനാൻഷ്യല്‍ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
2014ല്‍ മനോഹർ പരീക്കർ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായപ്പോള്‍ ആർലേക്കറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. ഏറ്റവും അവസാനഘട്ടത്തിലാണ് ലക്ഷ്മികാന്ത് പർസേക്കറിനെ മുഖ്യമന്ത്രിയായി നിയമിച്ചത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആർലേക്കർ വനം പരിസ്ഥിതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവർണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവർണറായി നിയമിതനായി.








