ഇ-സ്റ്രാമ്ബിംഗ് നടപടികള്‍ക്ക് വേണ്ടത്ര വേഗതയില്ലാത്തതിനാല്‍ വെണ്ടർമാരുടെ ഓഫീസിന് മുന്നില്‍ ക്യൂ നിന്ന് മടുത്ത് ജനം.50 രൂപയുടേതും വലിയ തുകയ്ക്കുള്ളതും ഒഴികെ മുദ്രപ്പത്രങ്ങളും കിട്ടാനില്ല.
ആധാരം രജിസ്ട്രേഷനില്‍ ഏർപ്പെടുന്ന കക്ഷികളുടെ പേരും മേല്‍വിലാസവും രജിസ്ട്രേഷന്റെ ഉദ്ദേശവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെണ്ടർമാർ മുഖാന്തരം രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളിലേക്കാണ് അപ് ലോഡ് ചെയ്യേണ്ടത്. അതു കഴിയുമ്ബോള്‍ ആധാര കക്ഷിയുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്ബർ ഉപയോഗിച്ചാണ് പണം ഒടുക്കുന്നതുള്‍പ്പെടെയുള്ള തുടർ നടപടികള്‍ പൂർത്തിയാക്കേണ്ടത്. എന്നാല്‍ സർവറിലെ വേഗതക്കുറവ് കാരണം ഒ.ടി.പി നമ്ബർ വരാനുള്ള കാലതാമസമാണ് പ്രധാന തടസം.
രജിസ്ട്രേഷൻ ആവശ്യത്തിനുള്ള ഇ സ്റ്രാമ്ബ് കളറിലും നോണ്‍രജിസ്ട്രേഷൻ ആവശ്യങ്ങള്‍ക്കുള്ളവ ബ്ളാക്ക് ആൻഡ് വൈറ്രിലുമാണ് പ്രിന്റ് കിട്ടുക. രണ്ട് വിധത്തിലുള്ള ആവശ്യങ്ങള്‍ക്കുമായി നൂറ് കണക്കിന് ആള്‍ക്കാരാണ് വെണ്ടർമാരുടെ മുന്നിലെത്തുന്നത്. എല്ലാ വെണ്ടർമാരും ഇ സ്റ്റാമ്ബിംഗ് സംവിധാനത്തിലേക്ക് എത്തിയിട്ടുമില്ല. 10 രൂപമുതലുള്ള പ്രിന്റഡ് മുദ്രപ്പത്രങ്ങള്‍ ഇപ്പോഴും ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും എല്ലായിടത്തും പത്രങ്ങള്‍ കിട്ടാനില്ല.
വാടക കരാർ, വിദ്യാർത്ഥികള്‍ക്ക് വിവിധ കോഴ്സുകളില്‍ ചേരാൻ ബോണ്ടു നല്‍കല്‍, വാഹനം വാങ്ങല്‍ തുടങ്ങി നിത്യേന നിരവധി ആവശ്യങ്ങള്‍ക്കാണ് മുദ്രപ്പത്രം വേണ്ടിവരിക.ഏത് തുകയ്ക്കുമുള്ള ഇ സ്റ്രാമ്ബ് കിട്ടുമെങ്കിലും അതിനുള്ള കാല താമസമാണ് ബുദ്ധിമുട്ടിക്കുന്നത്.
ട്രായി നിയന്ത്രണവും
സേവനങ്ങള്‍ക്ക് ട്രായി (ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ) കൊണ്ടുവന്നിട്ടുള്ള പുതിയ നിയന്ത്രണങ്ങളും ഒ.ടി.പി വൈകുന്നതിന് കാരണമാവുന്നുണ്ട്. സർക്കാർ , സ്വകാര്യ സ്ഥാപനങ്ങള്‍ അയയ്ക്കുന്ന എസ്.എം.എസ് സന്ദേശങ്ങള്‍ക്കാണ് ഡിജിറ്റല്‍ ലെഡ്ജർ ടെക്നോളജി പ്രകാരം ഡിസംബർ ഒന്നു മുതല്‍ ട്രായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എസ്.എം.എസ് അയയ്ക്കുന്ന ഫോർമാറ്റിന് ട്രായിയുടെ അനുമതി വേണമെന്നതാണ് നിബന്ധന. ഇതിനുള്ള ടെംപ്ളേറ്റ് രജിസ്റ്റർ ചെയ്യണം.





