ദിവസങ്ങള്‍ക്ക് മുമ്ബുവരെ വിലയുടെ കാര്യത്തില്‍ തിളങ്ങിനിന്ന മത്തി ഒറ്റയടിക്ക് താഴെ വീണു. കിലോയ്ക്ക് 400 രൂപവരെ എത്തിയ മത്തിക്ക് ഇന്നലെ വെറും പതിനഞ്ചുരൂപയ്ക്കാണ് ചെല്ലാനം ഹാർബറില്‍ നിന്ന് മൊത്ത ഏജൻസികള്‍ എടുത്തത്. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടിയ അളവില്‍ മത്തി കിട്ടിയതോടെയാണ് വില കുത്തനെ താഴേക്ക് പോയത്.

പക്ഷേ, സാധാരണക്കാർക്ക് മത്തി ലഭിക്കണമെങ്കില്‍ കിലോയ്ക്ക് നൂറും നൂറ്റമ്ബതുമൊക്കെത്തന്നെ ഇപ്പോഴും നല്‍കണം. കൂടുതല്‍ മത്തി ലഭിച്ചതോടെ മത്സ്യത്തീറ്റ നിർമാണ കമ്ബനികളും തീരത്തേക്ക് എത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷമാണ് മത്തി കൂടുതലായി ലഭിക്കുന്നത്. വില താണതോടെ മത്സ്യത്തൊഴിലാളികള്‍ക്കും നിരാശയായി. പലരും ഉച്ചയ്ക്കുമുമ്ബേ പണി നിറുത്തുന്ന അവസ്ഥയാണ്. മത്തിയോടൊപ്പം അയലയും ചെറിയതോതില്‍ ലഭിക്കുന്നത് അല്പം ആശ്വാസം പകരുന്നുണ്ട്.നേരത്തേ കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും കൂടുതലായി വാങ്ങിയിരുന്നത് മത്തിയായിരുന്നു. വിലക്കുറവും ഒപ്പം പോഷക ഗുണങ്ങളുമാണ് മത്തിയെ മലയാളിക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വില ഉയർന്നതോടെ കാര്യങ്ങള്‍ നേരേ തിരിച്ചായി. പണക്കാരുടെ വീടുകളില്‍ മാത്രം എത്തുന്ന വിശിഷ്ട വിഭവമായി മത്തി മാറി. മത്തി ആളാകെ മാറിപ്പോയെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. രണ്ടോ മൂന്നാേ കഷ്ണം മത്തിവറുത്തതിന് 50 രൂപവരെയായിരുന്നു ഹോട്ടലുകള്‍ വാങ്ങിയിരുന്നത്.

കടലിലെ ചൂട് കൂടിയതാണ് മത്തി ലഭ്യത കുറച്ചതെന്നായിരുന്നു റിപ്പോർട്ട്. കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 26-27 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാന്‍ സാധിക്കൂ. ഇത്തവണ 30-32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നത് മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്തു.

എല്‍ നിനോ പ്രതിഭാസമായിരുന്നു ചൂടുകൂടാൻ കാരണം. ചൂടു കൂടിയതിനാല്‍ മത്തി കൂട്ടമായി ആഴക്കടലിലേക്ക് പോയി. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ അഭാവം മത്തിയുടെ വളര്‍ച്ച മുരടിപ്പിച്ചതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.അതിനാല്‍ കേരളാതീരത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാലവർഷം എത്തിയതോടെ കടലിലെ ചൂടുകുറഞ്ഞു. ഇതോടെയാണ് കൂടിയ അളവില്‍ മത്തി ലഭിച്ചുതുടങ്ങിയതെന്നാണ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക