കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്ബിക്സ് മോഡല്‍ കായിക മേളയില്‍ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ മുന്നിട്ട് നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എല്ലാ വർഷവും ഒളിമ്ബിക് മോഡല്‍ കായികമേള നടത്തുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂള്‍ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയില്‍ മുന്നോട്ടു പോകുമ്ബോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂള്‍ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയില്‍ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസില്‍ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.
സാംസ്കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവർത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും.മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. ലോകത്ത് എവിടെ മത്സരം നടന്നാലും തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. അവ പരിഹരിക്കാൻ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീല്‍ കമ്മിറ്റിയും കോടതികളുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്കൂള്‍ ഒളിമ്ബിക്സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്കൂള്‍ അധികൃതർക്കാണ്. 24,000 കായികതാരങ്ങള്‍ പങ്കെടുത്ത മേളയില്‍ തിരുനാവായ നാവാമുകുന്ദ സ്കൂളില്‍ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലില്‍ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്.
ഒരു അപശബ്ദവും ഇല്ലാതെയാണ് സമാപനദിവസം വരെ മേള സംഘടിപ്പിച്ചത്. ഇത്തവണ സ്കൂള്‍ ഒളിമ്ബിക്സ് എന്ന രീതിയില്‍ സംഘടിപ്പിക്കപ്പെട്ട മേള എല്ലാ സ്കൂളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരുടെ ആവശ്യം സ്പോർട്സ് സ്കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതല്‍ പോയിന്റ് ആ സ്കൂളുകള്‍ക്ക് നല്‍കണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഈ സ്കൂളുകളിലെ അധ്യാപകരാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അര ഡസനോളം മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. തങ്ങള്‍ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കില്‍ അതിക്രമം കാണിക്കുന്ന സമീപനം ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
2018 ഓഗസ്റ്റ് 17 നാണ് കേരള സ്കൂള്‍ കായികമേളയുടെ മാനുവല്‍ പരിഷ്കരിച്ചത്. ഇതില്‍ ഒരിടത്തും ജനറല്‍ സ്കൂള്‍ എന്നും സ്പോർട്സ് സ്കൂള്‍ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ല. ഒളിമ്ബിക്സ് മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂള്‍ കായിക മേള കൊച്ചി ട്വന്റിഫോർ ചരിത്രം കുറിച്ചിരിക്കുകയാണ്. സംഘാടനത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ യുവ കായികമേളയായി ഇത് മാറി. മേളയുടെ വിജയത്തിനായി പതിനഞ്ച് കമ്മിറ്റികള്‍ മാതൃകാപരമായി പ്രവർത്തിച്ചു.അധ്യാപക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളുമാണ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയത്. ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം (20,000) ആളുകള്‍ക്ക് മേളയില്‍ ഭക്ഷണം നല്‍കി. ഇതും ചരിത്രമാണ്.മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ വിജയകരമായ സംയോജനത്തിലൂടെ ഈ വർഷം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ആദ്യമായി എവർ – റോളിംഗ് ട്രോഫി ഇത്തവണ നല്‍കി. ഒളിമ്ബിക്സ് മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട കേരള സ്കൂള്‍ കായികമേള കൊച്ചി ട്വന്റി ഫോറില്‍ പിറന്നത് നാല്‍പ്പത്തി നാല് മീറ്റ് റെക്കോർഡുകള്‍ ആണ്. ആയിരത്തി എഴുന്നൂറ്റി നാല്‍പ്പത്തി ഒന്ന്(1741) സ്വർണ മെഡലുകളും അത്രയും തന്നെ വെള്ളി മെഡലുകളും രണ്ടായിരത്തി നാല്‍പ്പത്തി ഏഴ്(2047) വെങ്കല മെഡലുകളും മേളയില്‍ വിതരണം ചെയ്തു.കായിക താരങ്ങള്‍ക്ക് ക്യാഷ് പ്രൈസ് ആയി 20 ലക്ഷം രൂപ വിതരണം ചെയ്തു.മുപ്പത്തി ഒമ്ബത് കായിക ഇനങ്ങളില്‍ ആയി ആകെ പന്ത്രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തി ഏഴ് (12737)ആണ്‍കുട്ടികളും പതിനൊന്നായിരത്തി എഴുപത്തി ആറ്(11076) പെണ്‍കുട്ടികളും അടക്കം ഇരുപത്തി മൂവായിരത്തി എണ്ണൂറ്റി പതിമൂന്ന് കായികതാരങ്ങള്‍ മേളയില്‍ പങ്കെടുത്തു.
ഇതില്‍ ആയിരത്തി അഞ്ഞൂറ്റി എണ്‍പത്തി ഏഴ് (1,587 ) കായികതാരങ്ങള്‍ ഇൻക്ലൂസീവ് സ്‌പോർട്‌സിലാണ് പങ്കെടുത്തത്.ഈ സംഖ്യകള്‍ നമ്മുടെ വിദ്യാർത്ഥികളുടെ വ്യാപ്തിയും അർപ്പണബോധവും എടുത്തുകാണിക്കുന്നു. മത്സരങ്ങള്‍ നിയന്ത്രിക്കുന്ന 1,244 ഉദ്യോഗസ്ഥരുടെയും മേള കവർ ചെയ്യുന്ന 400 മാധ്യമ പ്രവർത്തകരുടെയും പരിശ്രമം കൊണ്ടാണ് ഈ മേള വൻ വിജയമായതും കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തത്. ഒളിമ്ബ്യൻ പി ആർ ശ്രീജേഷായിരുന്നു മേളയുടെ ബ്രാൻഡ് അംബാസഡർ.ശ്രീജേഷിനെ പോലുള്ള താരങ്ങളെ സൃഷ്ടിക്കലാണ് ഈ മേളയുടെ ലക്ഷ്യം.
നാലുവർഷത്തില്‍ ഒരിക്കല്‍ ഇങ്ങനെ ഒളിമ്ബിക്സ് മാതൃകയില്‍ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഈ മേളയുടെ വലിയ വിജയവും ഇൻക്ലൂസീവ് സ്പോർട്സ് ചേർത്തപ്പോള്‍ ഉണ്ടായ അനുഭവവും ഒളിമ്ബിക്സ് മാതൃകയിലുള്ള മേള എല്ലാവർഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ മേള തിരുവനന്തപുരത്താകും നടത്തുക.
കായികതാരങ്ങള്‍ക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.ഗ്രേസ്മാർക്ക് സംബന്ധിച്ചും പുനർവിചിന്തനങ്ങള്‍ ഉണ്ടാകും.കായിക അധ്യാപകർക്ക് ചില പ്രശ്നങ്ങളുണ്ട്, അതിനും പരിഹാരം കാണും.കേരള സ്കൂള്‍ കായികമേള കൊച്ചി ’24 വലിയ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി പറഞ്ഞു.







