ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു.
2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി ഇന്ദിര ഗാന്ധി നിഷേധിച്ച ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തുന്നത്. അതിന് മുമ്ബ് 14 വർഷം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്ന് സുപ്രീം കോടതി കൊളീജിയത്തിലുണ്ടായ ഒഴിവിലേക്ക് ജസ്റ്റിസ് അഭയ് എസ് ഓക എത്തും. 2021 ഓഗസ്റ്റില്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഓക, അതിന് മുമ്ബ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് ജസ്റ്റിസ് അഭയ് എസ് ഓക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ് ഓക എന്നിവർ അടങ്ങുന്നതാണ് പുതിയ സുപ്രീം കോടതി കൊളീജിയം. സുപ്രീം കോടതിയില്‍ നിലവില്‍ ജഡ്ജിമാരുടെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ആ ഒഴിവുകള്‍ നികത്താനുള്ള ശുപാർശ തയ്യാറാക്കാൻ സുപ്രീം കോടതി കൊളീജിയം ഉടൻ യോഗം ചേരും.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന കാലയളവില്‍ ആണ് ജസ്റ്റിസ് സി.ടി രവികുമാർ സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലെങ്കില്‍ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ വിരമിക്കുന്നതും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലയളവില്‍ ആയിരിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലയളവില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ നാല് ഒഴിവുകള്‍ ആണ് നികത്താൻ സാധ്യത. ജസ്റ്റിസ് ഹിമ കോഹ്ലി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ഒഴിവുകള്‍ക്ക് പുറമെ ജനുവരിയില്‍ ജസ്റ്റിസുമാരായ സി.ടി രവികുമാറും ഹൃഷികേശ് റോയിയും വിരമിക്കും.
സുപ്രീം കോടതിയില്‍ നിലവില്‍ കേരള ഹൈക്കോടതി മാതൃ ഹൈക്കോടതിയായുള്ള ഏക ന്യായാധിപൻ ജസ്റ്റിസ് സി.ടി രവികുമാറാണ്. 2025 ജനുവരി അഞ്ചിന് ജസ്റ്റിസ് രവികുമാർ വിരമിക്കും. രാജ്യത്തെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസിമാരില്‍ കേരള ഹൈക്കോടതി മാതൃ ഹൈകോടതിയായ ന്യായാധിപൻ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനാണ്. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ല എങ്കില്‍ അടുത്ത വർഷം ഏപ്രില്‍ 24 ന് വിരമിക്കും.
കേരള ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാരില്‍ ആരെങ്കിലുമൊക്കെ സമീപ മാസങ്ങളില്‍ തന്നെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടാൻ ആണ് സാധ്യത. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനാണ് സീനിയോറിറ്റിയില്‍ ഒന്നാമനായ കേരള ജഡ്ജി. 2011 നവംബറില്‍ ആണ് കേരള ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ നിയമിതനാകുന്നത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, എ കെ ജയശങ്കർ നമ്ബ്യാർ, അനില്‍ കെ. നരേന്ദ്രൻ എന്നിവരാണ് സീനിയോറിറ്റിയില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ള കേരള ജഡ്ജിമാർ. ഈ മൂന്ന് പേരും കേരള ഹൈക്കോടതി ജഡ്ജിമാരാകുന്നത് 2014 ജനുവരി 23 ന് ആണ്. ഇവരില്‍ ആരെങ്കിലുമൊക്കെ സമീപകാലത്ത് തന്നെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടേക്കാം. ഈ പട്ടികയിലെ ചില പേരുകള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരായും പരിഗണിക്കപ്പെട്ടേക്കാം.
കർണാടക ഹൈക്കോടതിയിലെ കൊളീജിയത്തില്‍ അംഗമായ കേരളത്തില്‍ നിന്നുള്ള ജസ്റ്റിസ് അനു ശിവരാമന്റെ പേരും ചർച്ചകളില്‍ സജീവമായി ഉയർന്ന് കേള്‍ക്കുന്നുണ്ട്. 2015 ഏപ്രിലില്‍ ആണ് ജസ്റ്റിസ് അനു ശിവരാമൻ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. സാധാരണ ഹൈക്കോടതി ജഡ്ജിയായി പത്ത് വർഷം പൂർത്തിയായവരെയാണ് സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ പരിഗണിക്കുന്നത്. അതിനാല്‍ അടുത്ത വർഷം ഏപ്രിലിന് ശേഷമേ ജസ്റ്റിസ് അനു ശിവരാമന്റെ പേര് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളൂ. എന്നാല്‍ വനിതയെന്ന പരിഗണനയില്‍ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായാലും അത്ഭുതപെടാനില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു.





