മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടന്ന വിജിലൻസ് അന്വേഷണത്തെ ക്കുറിച്ച്‌ വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിച്ചതിൻ്റെ പേരില്‍ മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ കെ സുനില്‍ എന്നിവർക്ക് നാലുമാസം വീതം തടവുശിക്ഷ വിധിച്ച്‌ കോടതി. രണ്ടുവകുപ്പുകളിലായി പത്രസ്ഥാപനത്തിന് 50,000 രൂപയും പിഴയും വിധിച്ചാണ് എറണാകുളം സിജെഎം കോടതിയുടെ വിധി. പിഴയൊടുക്കാൻ തയ്യാറായില്ലെങ്കില്‍ മംഗളം എഡിറ്ററും പ്രസാധകനുമായ ബിജു വർഗീസ് മൂന്നുമാസം തടവ് അനുഭവിക്കേണ്ടി വരും.

കൊച്ചി കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകള്‍ ടോം ജോസ് സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേല്‍ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച്‌ 2015 ഏപ്രില്‍ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത വ്യാജമെന്ന് ആരോപിച്ചാണ് ടോം ജോസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ വാർത്തയിലെ വസ്തുത തെളിയിക്കാൻ പ്രതികളായ റിപ്പോർട്ടർക്കോ മംഗളം മേധാവികള്‍ക്കോ കഴിഞ്ഞില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റ് ചില ആരോപണങ്ങളുടെ പേരില്‍ 2016ല്‍ ടോം ജോസിനെതിരെ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഇത് സംബന്ധിച്ച്‌ അടിക്കടി വാർത്തകള്‍ വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർബില്‍ കർഷകഭൂമി വഴിവിട്ട് സ്വന്തമാക്കി എന്നതടക്കം ആരോപണങ്ങളില്‍ പക്ഷെ വസ്തുതയില്ലെന്ന് കണ്ടെത്തി 2018ല്‍ അന്വേഷണം അവസാനിപ്പിച്ചു. വിരമിച്ച ശേഷവും മംഗളത്തിനെതിരായ നിയമനടപടിയുമായി മുൻ ചീഫ് സെക്രട്ടറി മുന്നോട്ട് പോകുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക