കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻമന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിക്കുണ്ടായിരുന്നത് രാഷ്ട്രീയത്തിനപ്പുറത്തെ ബന്ധങ്ങളും സൗഹൃദങ്ങളും.
വലിയ പാർട്ടികള്‍ സംഘടിപ്പിക്കുന്നതിലും തത്പരനായിരുന്നു ബാബാ സിദ്ദിഖി. സിദ്ദിഖി നടത്തിയ അത്തരത്തിലൊരു പരിപാടിക്കിടെയാണ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാൻ ഖാനും തമ്മിലുള്ള പിണക്കം മാറിയതും.
2013-ലാണ് ഈ സംഭവം നടന്നത്. ബാബാ സിദ്ദിഖി സംഘടിപ്പിച്ച ഇഫ്താർ വിരുന്നായിരുന്നു വേദി. ഷാരൂഖ് ഖാനും സല്‍മാൻ ഖാനും വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നു. 2008-ല്‍ നടി കത്രീന കൈഫിന്റെ പിറന്നാള്‍ പാർട്ടിയിലായിരുന്നു ഇരുവരും അതിന് മുൻപ് ഒരുമിച്ചെത്തിയത്. ഈ ആഘോഷച്ചടങ്ങിനിടെ നടന്ന അസ്വാരസ്യങ്ങളാണ് ഇരുവരുടേയും പിണക്കത്തിലേക്ക് വഴിയൊരുക്കിയത്
2013-ല്‍ നടന്ന ഇഫ്താറിന് ഷാരൂഖ് ഖാൻ, സല്‍മാൻ ഖാന്റെ പിതാവ് സലിം ഖാൻ എന്നിവർക്കൊപ്പമാണ് ബാബാ സിദ്ദിഖി ഇരുന്നത്. സലിം ഖാനുമായി സംസാരിച്ചുകൊണ്ടിരുന്ന ഷാരൂഖിനടുത്തേക്ക് സല്‍മാൻ എത്തുകയായിരുന്നു. ഒരു ആലിംഗനത്തിലൂടെ അഞ്ചുവർഷംനീണ്ട ശീതയുദ്ധത്തിന് ആ ഇഫ്താർ വേദി സാക്ഷിയായി. അന്ന് ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രം സിനിമാ ലോകമെങ്ങും വലിയ ചർച്ചയുമായിരുന്നു. ചടങ്ങിനെത്തിയ രണ്ടുപേരുടേയും പിണക്കം മാറ്റുന്നതിന് സിദ്ദിഖി തന്നെ മുൻകൈയെടുക്കുകയായിരുന്നു.
സല്‍മാൻ ഖാനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ബാബാ സിദ്ദിഖി. കഴിഞ്ഞവർഷം ബാബാ സിദ്ദിഖി നടത്തിയ ഇഫ്താർ വിരുന്നില്‍ സല്‍മാൻ ഖാൻ പങ്കെടുത്തിരുന്നു. ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് താൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം നിർത്തിവെപ്പിച്ചിട്ടാണ് സല്‍മാൻ ഖാൻ മുംബൈ ലീലാവതി ആശുപത്രിയിലെത്തിയത്.










