ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി. അഹിംസയിലൂടെ ഗാന്ധിജി രാജ്യത്തിന് നേടിക്കൊടുത്തത് ആർക്കും തച്ചുടക്കാനാവാത്ത സ്വാതന്ത്ര്യം ആണെന്നും ഒരു ഏകാധിപതിക്കും രാജ്യത്തെ കീഴടക്കാൻ കഴിയില്ല എന്നും ഉദ്ഘാടന പ്രസംഗത്തിൽ ചാണ്ടി ഉമ്മൻ അമേരിക്കയിലെ പ്രവാസി സമൂഹത്തോട് വ്യക്തമാക്കി. അക്രമത്തിലൂടെ നേടുന്ന സ്വാതന്ത്ര്യം നിലനിൽക്കില്ല എന്ന തിരിച്ചറിവാണ് അഹിംസയുടെ പാതയിൽ മുന്നേറാൻ രാഷ്ട്രപിതാവിന് പ്രചോദനമായതെന്നും പുതുപ്പള്ളി എംഎൽഎ വിശദീകരിച്ചു. നമ്മുടെ രാജ്യത്ത് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന ചാലകശക്തികളായി പ്രവാസികൾ നിലകൊള്ളണമെന്നും ചാണ്ടി ഉമ്മൻ ചടങ്ങിൽ പങ്കെടുത്ത പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

മനുഷ്യത്വം മനസ്സിൽ ഉണ്ടെങ്കിലേ ഒരാൾ മനുഷ്യൻ ആകൂ എന്ന ഗാന്ധി ദർശനമാകണം നമ്മൾ ജീവിതത്തിൽ പകർത്തേണ്ടതെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി അഭിപ്രായപ്പെട്ടു. മരിച്ച് ഇത്രനാൾ കഴിഞ്ഞിട്ടും തലമുറകൾ മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും അദ്ദേഹത്തിൻറെ ദർശനങ്ങളുടെ മഹത്വം കൊണ്ടാണെന്നും കെപിസിസി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ദൈവമാണ് സത്യം, സത്യമാണ് ദൈവം എന്നതായിരുന്നു ഗാന്ധിജിയുടെ അടിസ്ഥാന പ്രമാണം എന്ന് യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ചിക്കാഗോ സെൻറ് മേരീസ് കത്തോലിക്ക ഇടവക അസിസ്റ്റന്റ് വികാരി ഫാദർ ജിബിൻ കുഴിവേലിയിൽ സൂചിപ്പിച്ചു.

ഒക്ടോബർ മൂന്നാം തീയതി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷ യോഗത്തിൽ ഐഒസി ചിക്കാഗോ പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു. ഐഒസി കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സതീഷ് നായർ, ശ്രീ ഫ്രാൻസിസ് കിഴക്കേകൂറ്റ്, എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കൂറ്റ്, തെലുങ്കാന ഐഒസി ചാപ്റ്റർ പ്രസിഡൻറ് കൃഷ്ണയ്യ, പ്രവീൺ തോമസ്, സണ്ണി വള്ളികുളം, ലൂയി ചിക്കാഗോ, സുനീന ചാക്കോ, ലീലാ ജോസഫ്, ജിതേഷ് ചുങ്കത്ത് എബി റാന്നി തുടങ്ങിയവർ പ്രസംഗിച്ചു.






