ജി സുധാകരൻ എംഎല്‍എയും സിപിഎമ്മും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് ജി സുധാകരന് സിപിഎം നേതാവ് വക്കീല്‍ നോട്ടീസയച്ചു.ആലപ്പുഴ ജില്ലാ സ്പാേർട്സ് കൗണ്‍സില്‍ പ്രസിഡന്റും നഗരസഭയിലെ എല്‍ഡിഎഫ് കക്ഷിനേതാവുമായ വി ജി വിഷ്ണുവാണ് നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
സിപിഎമ്മുമായി പിണങ്ങിപ്പിരിഞ്ഞതോടെയാണ് ആലപ്പുഴയിലെ പാർട്ടിക്കുള്ളില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ജി സുധാകരൻ ആരോപിച്ചത്. എച്ച് സലാം ഉള്‍പ്പെടെയുള്ള നേതാക്കന്മാർക്കെതിരെയായിരുന്നു വിമർശനം. ഇക്കൂട്ടത്തിനിടയിലാണ് വിഷ്ണുവിന്റെ പേരും ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി സുധാകരൻ വിജയിച്ചതിനുശേഷം പാർട്ടിയും അദ്ദേഹവുമായുള്ള പോര് ശക്തമായി തുടരുകയാണ്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പൊതുവേദിയിലെ പ്രസംഗം തടസപ്പെടുത്താൻ സിപിഎം പ്രവർത്തകർ ഒച്ചപ്പാടുണ്ടാക്കിയിരുന്നു . തോട്ടപ്പള്ളി ആനന്ദേശ്വരം മലയില്‍തോട് പാടശേഖരത്ത് കല്‍ക്കെട്ട് നിർമ്മാണോദ്ഘാടന വേദിയിലായിരുന്നു സംഭവം.
അടുത്തിടെ നീർക്കുന്നം ഗവ.യുപി സ്കൂളില്‍ മണലെടുപ്പിനെത്തുടർന്നുണ്ടായ വിഷയങ്ങള്‍ ഉദ്ഘാടന പ്രസംഗത്തിനിടെ ജി.സുധാകരൻ പരാമർശിച്ചതോടെ,വേദിയിലുണ്ടായിരുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വൈ പ്രദീപ് ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്നുപറഞ്ഞ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സമീപത്തെ വീടിന് മുന്നില്‍ നിന്നിരുന്ന സിപിഎം പ്രവർത്തകരും ബഹളമുണ്ടാക്കി. എന്തുപറഞ്ഞാലും തടസപ്പെടുത്താനാവില്ലെന്ന് സൂചിപ്പിച്ച് ജി.സുധാകരൻ പ്രസംഗം തുടരുകയായിരുന്നു.





