കനത്ത മഴയില്‍ കബനിയും ഒപ്പം ബീച്ചനഹള്ളിയും നിറഞ്ഞതോടെ കബനിയുടെ തീരത്ത് ചാകര. കട്‌ല, രോഹു, തിലോപ്പിയ, ഗ്രാസ്‌കാര്‍പ്പ് അടക്കം വിവിധയിനം മീനുകളാണ് ലഭിക്കുന്നത്.കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള തീരങ്ങളിലാണ് മീന്‍പിടുത്ത സംഘങ്ങള്‍ സജീവമായിരിക്കുന്നത്. കുട്ടത്തോണിയും മറ്റുമാണ് പുഴയിലിറങ്ങാനായി ഇവര്‍ ഉപയോഗിക്കുന്നത്.

വിദൂര സ്ഥലങ്ങളില്‍ നിന്നെത്തി കടുത്ത തണുപ്പിനെയും മഴയെയും അവഗണിച്ച്‌ രാത്രി കാലങ്ങളില്‍ തീരത്തിനടുത്ത് താമസിച്ച്‌ മത്സ്യക്കൊയ്ത്ത് നടത്തുന്ന സംഘങ്ങളുമുണ്ട്. ചൂണ്ടക്കാരും തീരങ്ങളില്‍ കുറവല്ല. 3 മുതല്‍ അഞ്ച് കിലോ വരെ തൂക്കമുള്ള വലിയ മീനുകളാണ് ചൂണ്ടയില്‍ കുരുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തൊഴില്‍ ക്ഷാമത്താല്‍ വലയുന്ന ഗോത്രവിഭാഗങ്ങളടങ്ങുന്ന പ്രദേശവാസികള്‍ക്ക് മത്സ്യബന്ധനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം വലിയ ആശ്വാസമാണ്. വിവിധയിനം വലകള്‍ ഉപയോഗിച്ചാണ് വലിയ സംഘങ്ങള്‍ മത്സ്യബന്ധനം നടത്തുന്നത്. രാത്രിയിലടക്കം പിടിക്കുന്ന മീനുകള്‍ മൊത്തമായി വാങ്ങാന്‍ രാവിലെ തന്നെ കച്ചവടക്കാര്‍ എത്തും. ഇതിന് പുറമെ പ്രദേശത്തെ ചെറിയ പട്ടണങ്ങളിലെത്തിച്ച്‌ സ്വന്തം നിലക്ക് കച്ചവടം ചെയ്യുന്നവരുമുണ്ട്.

അതേ സമയം മത്സ്യബന്ധനം കാണാനെത്തുന്നവരും ഇവിടങ്ങളില്‍ കുറവല്ല. അവധി ദിവസങ്ങളില്‍ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ കബനിയുടെ തീരങ്ങളിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടെന്ന് മീന്‍പിടുത്തക്കാര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക