സാധാരണക്കാരായ യാത്രക്കാർ ദിവസേന അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരിട്ടറിയാനെത്തിയ കർണാടകയിലെ പുതിയ ഗതാഗത മന്ത്രി ബൈരതി സുരേഷിന്റെ വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ ശ്രദ്ധനേടുന്നത്.മാസ്ക് ധരിച്ച് സാധാരണ യാത്രക്കാരനെപോലെ ബസില്‍ കയറിയ മന്ത്രിയോട്, ചില്ലറയില്ലെന്ന കാരണത്താല്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകാൻ ബിഎംടിസി കണ്ടക്ടർ ആവശ്യപ്പെട്ടു.
സംസാരിക്കുന്നത് സംസ്ഥാനത്തെ ഗതാഗത മന്ത്രിയോടാണെന്ന് അറിയാതെയായിരുന്നു കണ്ടക്ടറുടെ പെരുമാറ്റം. യാത്രക്കാരുടെ യഥാർത്ഥ പരാതികള്‍ നേരിട്ടറിയുന്നതിനായി ശനിയാഴ്ച രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ഹെബ്ബാളില്‍ നിന്നും നാഗഷെട്ടിഹള്ളിയിലേക്ക് സർവീസ് നടത്തുന്ന ബിഎംടിസി ബസില്‍ കയറിയത്. രണ്ട് ടിക്കറ്റുകള്‍ ആവശ്യപ്പെട്ട മന്ത്രി കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് നല്‍കി.
എന്നാല്‍, കൃത്യം 12 രൂപ ചില്ലറ നല്‍കണമെന്ന് കണ്ടക്ടർ വാശിപിടിച്ചു. തന്റെ പക്കല്‍ ബാക്കി നല്‍കാൻ ചില്ലറയില്ലെന്ന് കാണിക്കാൻ ക്യാഷ് പൗച്ച് തുറന്നു കാണിക്കുകയും ചെയ്തു. കൃത്യമായ തുക നല്‍കാൻ കഴിയില്ലെങ്കില്‍ അടുത്ത ജങ്ഷനില്‍ ഇറങ്ങിക്കൊള്ളാൻ മന്ത്രിയോട് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയാണെന്ന കാര്യം വെളിപ്പെടുത്തതെ തന്നെ അദ്ദേഹം ബസില്‍ നിന്നും താഴെയിറങ്ങി. സംഭവം പുറത്തറിഞ്ഞതോടെ ബിഎംടിസി മാനേജ്‌മെന്റ് കണ്ടക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മിന്നല്‍ പരിശോധനയുടെ ഭാഗമായിരുന്നു മന്ത്രിയുടെ ബസ് യാത്ര. ശനിയാഴ്ച രാത്രി ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മന്ത്രി രഹസ്യമായി യാത്ര ചെയ്ത് ജീവനക്കാരുടെ പെരുമാറ്റവും ബസ് സർവീസുകളും വിലയിരുത്തി. ബസ് സ്റ്റോപ്പില്‍ കൈകാണിച്ച യാത്രക്കാരനെ ഡ്രൈവർ കയറ്റാതെ മുന്നോട്ടു പോയ മറ്റൊരു സംഭവവും മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ മന്ത്രി പിന്നീട് നിർദേശം നല്‍കി.





