നൂറുകണക്കിന് എല്‍പിജി സിലിണ്ടറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒഴികി നടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലാണ് ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് മൂവായിരത്തോളം എല്‍പിജി സിലിണ്ടറുകള്‍ നദിയിലൂടെ ഒഴുകിപ്പോയത്.

റായ്ഗഡിലെ രസായനി ഇൻഡസ്ട്രിയല്‍ ഏരിയയിലൂടെ കടന്നുപോകുന്ന നദി കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകുകയായിരുന്നു. ഇതോടെ പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് നിറഞ്ഞതും അല്ലാത്തതുമായ മൂവായിരത്തോളം എല്‍പിജി സിലിണ്ടറുകള്‍ പതല്‍ഗംഗ നദിയിലേക്ക് ഒഴുകിപ്പോയി. കുത്തിയൊലിക്കുന്ന നദിയിലൂടെ നൂറുകണക്കിന് സിലിണ്ടറുകള്‍ അതിവേഗം ഒഴുകിപ്പോകുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോർട്ടുകള്‍ പ്രകാരം അധികൃതർ ഇതുവരെ ആയിരത്തോളം സിലിണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. പല സിലിണ്ടറുകളും ഇപ്പോഴും നദിയിലൂടെ ഒഴുകി നടക്കുകയും സമീപപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

സിലിണ്ടറുകളില്‍ ഗ്യാസ് ഉണ്ടോ അതോ സുരക്ഷിതമായ അവസ്ഥയിലാണോ ഉള്ളതെന്ന് യാതൊരു ഉറപ്പുമില്ലെന്നും അതുകൊണ്ട് വെറും കൗതുകത്തിനോ ഉപയോഗിക്കാനോ വേണ്ടി ഇവ എടുക്കുന്നതും, തുറക്കാൻ ശ്രമിക്കുന്നതും, വീട്ടില്‍ സൂക്ഷിക്കുന്നതും അത്യന്തം അപകടകരമാണെന്ന്, റായ്ഗഡ് ജില്ല കളക്ടർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ പലരും ഗ്യാസ് സിലണ്ടറുകള്‍ വീടുകളിലേക്കും മറ്റും കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക