നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയില്‍ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി വെച്ചു.

പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് അതിജീവിതയും പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ നടന്നത് അതിഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും നടി കോടതിയെ ഓർമ്മിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഘട്ടത്തില്‍ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാല്‍ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടി പറഞ്ഞു. ശിക്ഷ മരവിപ്പിക്കരുതെന്നും അവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ഒന്നാം പ്രതിയായ പള്‍സർ സുനി ഒരു കൊടും ക്രിമിനലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകള്‍ നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് പ്രതിക്ക് പിഴയിട്ടിട്ടുള്ള കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി മറ്റൊരു കേസില്‍ വീണ്ടും പ്രതിയായി. ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ ശക്തമായി വാദിച്ചു. ഇരുവിഭാഗത്തിന്റെയും വിശദമായ വാദമുഖങ്ങള്‍ രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക