ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്.
താഴെനിന്നും എളുപ്പത്തില്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി കെട്ടിടത്തിന് വെളിയിലാണ് ലിഫ്‌റ്റ് സ്ഥാപിച്ചത്. വീട്ടിലേക്കുള്ള പടികള്‍ കയറാൻ ശാരീരികപരിമിതിയുള്ളതിനാല്‍ ലിഫ്‌റ്റ് ഉപയോഗിച്ചാണ് മാത്തുകുട്ടി മുകളിലേക്ക് എത്തിയിരുന്നത്. പതിവുപോലെ ലിഫ്‌റ്റില്‍ കയറി മുകളിലേക്ക് വരുന്നതിനിടയ്‌ക്കാണ് അപകടമുണ്ടായത്.
എങ്ങനെയാണ് ലിഫ്‌റ്റിനുള്ളില്‍ തല കുടുങ്ങിയതെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. സംഭവസമയം മാത്തുകുട്ടിയുടെ ഭാര്യ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഫയർഫോഴ്‌സ് സംഘമെത്തിയാണ് വയോധികനെ ലിഫ്‌റ്റില്‍നിന്ന് പുറത്തെടുത്തത്.





