തമിഴ്‌നാട്ടില്‍ സി ജോസഫ് വിജയന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെ അട്ടിമറിക്കാൻ ടിവികെ എംഎല്‍എയെ ഭീഷണിപ്പെടുത്തുകയും 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ചെന്നൈയില്‍ മൂന്ന് പേർ അറസ്റ്റിലായി.തമിഴ്‌നാട് നിയമസഭയില്‍ കൊണ്ടുവരാൻ പോകുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ തനിക്ക് ഫോണിലൂടെ 35 കോടി രൂപ വാഗ്ദാനം ചെയ്തതായി ടിവികെയുടെ ഉത്തങ്കരൈ എംഎല്‍എ എൻ ഇളയരാജ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

ടിവികെ എംഎല്‍എയുടെ പരാതിയില്‍ പറയുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികളില്‍ ഒരാളായ തിരുനാവുക്കരശ് ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ള ആളാണെന്ന് പരിചയപ്പെടുത്തുകയും, ഉടൻ തന്നെ നിയമസഭയില്‍ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം വരുമെന്ന് അവകാശപ്പെടുകയും ചെയ്തതായി ഇളയരാജ പരാതിയില്‍ പറയുന്നു.

ഈ പ്രമേയത്തില്‍ തങ്ങള്‍ പറയുന്ന രീതിയില്‍ വോട്ട് ചെയ്യാൻ തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ താൻ ഈ ഓഫർ നിരസിച്ചപ്പോള്‍, തനിക്കും കുടുംബത്തിനും നേരെ പ്രതികള്‍ വധഭീഷണി മുഴക്കിയതായും എംഎല്‍എ ആരോപിച്ചു.

പ്രതികള്‍ക്ക് ഡിഎംകെയുമായുള്ള ബന്ധം

അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെന്തില്‍ ബാലാജിയുടെ സഹോദരൻ വി അശോക് കുമാർ ചെന്നൈയില്‍ വെച്ച്‌ കേസ് പ്രതിയായ നരേഷുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.

ഗൂഢാലോചനയെന്ന് ടിവികെ

അറസ്റ്റിന് പിന്നാലെ, വിജയ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി ടിവികെ ആരോപിച്ചു. ടിവികെ സർക്കാർ രൂപീകരിക്കുന്നത് തടയാൻ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിരുന്നുവെന്നും, ഇപ്പോള്‍ കുതിരക്കച്ചവടത്തിലൂടെ സർക്കാരിനെ തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പാർട്ടി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

ഇടനിലക്കാർ വഴി തങ്ങളുടെ ഒരു എംഎല്‍എയ്ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതിലൂടെ സർക്കാരിനെതിരെയുള്ള വലിയൊരു ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്നും ടിവികെ വ്യക്തമാക്കി.

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്‌നാട് മന്ത്രി

ഡിഎംകെ നേതാക്കള്‍ ടിവികെ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് മന്ത്രി സിടിആർ നിർമല്‍ കുമാർ ആരോപിച്ചു. സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടി കഴിഞ്ഞ 40 ദിവസമായി ഡിഎംകെയുമായി ബന്ധമുള്ള നേതാക്കള്‍ പണവുമായി ടിവികെ എംഎല്‍എമാരെ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

“സ്റ്റാലിന്റെയും ഉദയനിധിയുടെയും നിർദ്ദേശപ്രകാരം സെന്തില്‍ ബാലാജി ഞങ്ങളുടെ എംഎല്‍എമാരെ സമീപിച്ച്‌ 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 40 ദിവസമായി അവർ ഞങ്ങളുടെ അംഗങ്ങളുമായി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണ്. ആർക്കൊക്കെ എത്ര പണം നല്‍കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ വരെ നടന്നു കഴിഞ്ഞു. സ്റ്റാലിനും ഉദയനിധിയും തികച്ചും തരംതാണ രാഷ്ട്രീയ തന്ത്രങ്ങളാണ് പയറ്റുന്നത്,” നിർമല്‍ കുമാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക