കർണാടകയിലെ ബീദറില്‍ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അതിക്രൂരമായി അടിച്ച് കൊലപ്പെടുത്തി.വീട്ടിലേക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഒരു വനം പ്രദേശത്തെ എത്തിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി ബീദർ സ്വദേശി ഭഗവതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറുകാരിയായ ഹൊന്നിക്കേരി സ്വദേശി സഞ്ജന കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയായ ഭർത്താവ് ഭഗവതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോയ സഞ്ജനയെ ഇയാള്‍ അത്രിക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബീദർ ജില്ലയിലെ ഗായമുഖ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ ഇടത്ത് എത്തിച്ചാണ് ഭഗവത് ഭാര്യയെ ആക്രമിച്ചത്.
ഭർത്താവ് അയല്‍വക്കക്കാരിയായ യുവതിയുമായി ബന്ധം പുലർത്തുന്നത് സഞ്ജന ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വഴക്കായി. പിന്നീട് ഭാര്യയുമായി അനുനയത്തിലെത്തിയ ഭഗവത്, സഞ്ജനയുടെ വീട്ടില്‍ പോയി നില്‍ക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്ന് പൊലീസ് അറിയിച്ചു. വഴിമധ്യേ വനം പ്രദേശത്ത് കാർ നിർത്തി ഇരുന്പ് വടി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു.
പിന്നീട് ഭാര്യ അപകടത്തില്‍പ്പെട്ടെന്ന് ചിത്രീകരിച്ച് ആശുപത്രിയില്‍ എത്തിച്ചു.ഗുരുതരമായി പരിക്കേറ്റിരുന്ന സഞ്ജന ആശുപത്രിയിലെത്തിയപാടെ മരിക്കുകയായിരുന്നു. പരിശോധനയില്‍ അപകടമല്ല എന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും ധന്നൂർ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്ത്യൻ ആർമിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഭഗവത്, രണ്ട് വർഷം മുന്പാണ് സഞ്ജനയെ വിവാഹം കഴിച്ചത്.





