നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചില വാർത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു.ജൂണ്‍ 30ന് ശേഷം 10, 20, 50, 100 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉത്തരവിട്ടതായാണ് പ്രചരിക്കുന്ന വാർത്ത. രാജ്യത്ത് വീണ്ടും നോട്ടുനിരോധനം വരുമെന്നും അതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന തരത്തിലുള്ള ആശങ്ക ഇതോടെ ഉയർന്നിരുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പേരില്‍ പ്രചരിക്കുന്ന ഈ ഉത്തരവിന്റെ സത്യാവസ്ഥ എന്താണ്? ജൂണ്‍ 30ന് ശേഷം ഈ നോട്ടുകള്‍ നിരോധിക്കുമോ? ഇക്കാര്യത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത് എന്താണെന്ന് പരിശോധിക്കാം.
വ്യാജ സന്ദേശം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്ര അറിയിച്ചു. ‘2005ന് മുമ്പുള്ള 10, 20, 50, 100 രൂപ നോട്ടുകള്‍ 2026 ജൂണ്‍ 30 ന് ശേഷം ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖകളില്‍ സ്വീകരിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ തെറ്റാണെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു’- ബാങ്ക് ഓഫ് മഹാരാഷ്ട്ര ഫേസ്ബുക്കില്‍ കുറിച്ചു.
വൈറലായ സന്ദേശം എന്താണ്?
ചില ബാങ്കുകള്‍ പത്ത് മുതല്‍ 100 രൂപ വരെയുള്ള നോട്ടുകള്‍ നിരോധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പേരിലാണ് സന്ദേശം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സന്ദേശം പ്രചരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം വ്യാജമാണെന്ന് അവകാശപ്പെട്ട് ബാങ്ക് രംഗത്തെത്തിയതോടെ ഊഹാപോഹങ്ങള്‍ അവസാനിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും വ്യക്തമായി.
ആർബിഐ ഉത്തരവ് എന്താണ്?
2005ന് മുമ്പുള്ള മഹാത്മാഗാന്ധി സീരീസ് നോട്ടുകളുടെ പ്രചാരം ഗണ്യമായി കുറഞ്ഞുവെന്നും ആവശ്യമെങ്കില്‍ ആളുകള്‍ക്ക് അവ മാറ്റി നല്‍കാമെന്നും റിസർവ് ബാങ്ക് 2015ല്‍ ഒരു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എങ്കിലും ഈ നോട്ടുകള്‍ നിയമപരമായി കൈമാറ്റം ചെയ്യാമെന്നും ഉത്തവില്‍ പറയുന്നു. വ്യാജനോട്ടുകള്‍ തടയുന്നതിന് മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ടുകള്‍ പുറത്തിറങ്ങുന്നത്. പഴയ നോട്ടുകള്‍ നിരോധിക്കുന്നതായുള്ള ഒരു ഉത്തരവും ഇതുവരെ പുറത്തുവന്നിട്ടില്ല.





