പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാഴ്ത്തി പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു.മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തയും പാര്‍ട്ടിയുടെ തീപ്പൊരി നേതാവുമായ ജാദവ്പുര്‍ എം.പി സായോണി ഘോഷും ഒടുവില്‍ വിമത ക്യാമ്പില്‍ ചേര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട കടുത്ത അതൃപ്തിയാണ് ഇപ്പോള്‍ പരസ്യമായ പിളര്‍പ്പിലേക്ക് വഴിമാറുന്നത്.
പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ലോക്‌സഭയിലെ 28 ടി.എം.സി അംഗങ്ങളില്‍ 20 വിമത എം.പിമാര്‍ ഒപ്പമുണ്ടെന്ന് കാണിച്ച് മുതിര്‍ന്ന നേതാവ് കകോലി ഘോഷ് ദസ്തിദാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി നല്‍കണമെന്നും എന്‍.ഡി.എ മുന്നണിയെ പിന്തുണയ്ക്കുമെന്നുമാണ് ഈ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തില്‍ ഒപ്പിട്ട 20 പേരുടെ പട്ടികയിലാണ് ഇപ്പോള്‍ സായോണി ഘോഷിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. സായോണി ഘോഷ് ഇതുവരെ ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും, അവര്‍ കകോലി ഘോഷ് ദസ്തിദാറുമായി ചര്‍ച്ച നടത്തിയെന്നും വിമതരെ പിന്തുണയ്ക്കുന്ന രേഖകളില്‍ ഒപ്പുവെച്ചെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സായോണിക്ക് പുറമേ മമതയുടെ മറ്റൊരു വിശ്വസ്തയും എം.പി യുമായ മാലാ റോയും ഡല്‍ഹിയിലെത്തി വിമത ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് ഇനി രാഷ്ട്രീയ ഭാവിയുണ്ടാകില്ലെന്ന കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സായോണി ഘോഷ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചനകള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് സായോണി അടുത്ത വൃത്തങ്ങളോട് പരാതിപ്പെട്ടിരുന്നു. ആ നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയില്‍ താന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയതായും, പ്രചാരണം പാതിവഴിയില്‍ നിര്‍ത്തിവെക്കാന്‍ പോലും നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായും ഉള്ള കടുത്ത അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. ഈ അവഗണനയാണ് ഒടുവില്‍ മമതയുമായി അകലാന്‍ സായോണിയെ പ്രേരിപ്പിച്ചത്.
സായോണി ഘോഷിന്റെ മറുകണ്ടം ചാടല്‍ തൃണമൂല്‍ ക്യാമ്പിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. അടുത്തിടെയാണ് സായോണിയെ പാര്‍ട്ടിയുടെ മഹിളാ വിഭാഗം അധ്യക്ഷയായി മമത നിയമിച്ചത്. മുന്‍പ് മമതാ ബാനര്‍ജിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയും ‘ദീദി ജയിച്ചാല്‍ ബംഗാള്‍ ജയിക്കും’ എന്ന് പ്രഖ്യാപിച്ചും സായോണി നടത്തിയ തീപ്പൊരി പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പോലും ‘എതിരാളികള്‍ വോട്ട് മോഷ്ടിച്ചതുകൊണ്ടാണ് ദീദി തോറ്റത്’ എന്ന് പറഞ്ഞ് മമതയെ പ്രതിരോധിച്ച നേതാവാണ് മാസങ്ങള്‍ക്കപ്പുറം ഡല്‍ഹിയിലെ വിമത ക്യാമ്പിലെത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ബിജെപിയുടെ വനിതാ സംവരണ ബില്ലിനെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നയങ്ങളെയും നിരന്തരമായി കടന്നാക്രമിച്ചിരുന്ന സായോണിയുടെ ഈ പെട്ടെന്നുള്ള മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
അതേസമയം, കൂറുമാറ്റ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ മറികടക്കാന്‍ ആവശ്യമായ കൃത്യമായ എണ്ണം എം.പിമാര്‍ വിമത പക്ഷത്ത് ഇല്ലെന്നാണ് മമതയെ അനുകൂലിക്കുന്ന നേതാക്കള്‍ ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്ന വിമത നേതാക്കള്‍ എന്‍.ഡി.എ പാളയത്തിലെ പ്രമുഖരുമായി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. തൃണമൂലില്‍ നിന്ന് രാജിവെച്ച സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയത് ഈ വലിയ രാഷ്ട്രീയ പുനര്‍ക്രമീകരണത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളില്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ അട്ടിമറികള്‍ക്ക് ഈ വിമത നീക്കം കാരണമായേക്കും.





