പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനികള്‍ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഹോസ്റ്റല്‍ ഉടമയുടെ മകൻ അവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.യുപിയിലെ പ്രയാഗ്‌രാജിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പെണ്‍കുട്ടികളുടെ മുടിക്ക് കുത്തിപ്പിടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
ശിവകുട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ശങ്കർ ഘട്ടിലുള്ള ഒരു ഹോസ്റ്റലിലാണ് സംഭവം . ഈ ഹോസ്റ്റല്‍ ഉടമയുടെ മകൻ ശുഭം ദ്വിവേദിയാണ് അക്രമി. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് ഈ ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. സംഭവത്തിന്റെ മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവാവ് വിദ്യാർത്ഥിനികളെ മർദ്ദിക്കുന്നതും ഒരു പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഒരു പ്രായമായ സ്ത്രീ ഇയാളെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹോസ്റ്റല്‍ ഉടമയുടെ മകൻ തങ്ങളെ നിരന്തരം ശല്യം ചെയ്തിരുന്നതായും മോശം ഉദ്ദേശത്തോടെയാണ് പെരുമാറിയിരുന്നതെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു. മെയ് 18-ന് പ്രതി തങ്ങളുടെ മുറിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും, തടഞ്ഞപ്പോള്‍ മർദ്ദിച്ചതായും പെണ്‍കുട്ടികള്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ലോഡ്ജ് ഉടമയുടെ മകൻ മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ശല്യപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഫോണ്‍ എടുക്കാതിരുന്നതോടെ ഇയാള്‍ വന്ന് വാതിലില്‍ ശക്തിയായി മുട്ടാൻ തുടങ്ങി. പെണ്‍കുട്ടികള്‍ വാതില്‍ തുറക്കാതിരുന്നതോടെ ഇയാള്‍ പുറത്തുനിന്ന് പൂട്ടി. തുടർന്ന് സഹായത്തിനായി പെണ്‍കുട്ടികള്‍ അടുത്തുള്ള മറ്റൊരു സ്ത്രീയേയും ബന്ധുവിനെയും വിവരമറിയിച്ചു.
പുറത്തുകടക്കാൻ വഴിയില്ലാതെ പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെ പ്രതിയുടെ അമ്മ സംഭവസ്ഥലത്തെത്തി. അമ്മ വന്ന ശേഷമാണ് ഇയാള്‍ വാതില്‍ തുറന്നത്. എന്നാല്‍ വാതില്‍ തുറന്ന ഉടനെ ഇയാള്‍ വീണ്ടും പെണ്‍കുട്ടികളെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ ഉടൻ തന്നെ 112 എന്ന നമ്പറില്‍ വിളിച്ച് പോലീസിനെ വിവരമറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലും പ്രതി പൊട്ടിയ കുപ്പിച്ചില്ല് ഉപയോഗിച്ച് തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായും കൊലവിളി നടത്തിയതായും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.
പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. അമേഠി ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി കഴിഞ്ഞ പത്ത് ദിവസമായി പ്രതി തന്നെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.





