കണ്ണെത്ത ദൂരത്തോളം പരന്നുകിടക്കുന്ന കടല്‍ എന്നും ഒരു അത്ഭുത കാഴ്ചയാണ്. മനുഷ്യന്റെ ഭാവനകള്‍ക്കപ്പുറം വിചിത്ര ജീവികളും പ്രതിഭാസങ്ങളും നിറഞ്ഞ ഒരു ലോകമാണത്.കടലിലെ പല അത്ഭുത പ്രതിഭാസങ്ങളും എന്നും ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി ഇന്നും തുടരുന്നുമുണ്ട്. അത്തരത്തില്‍ ശാസ്ത്രലോകത്തെ വട്ടം കറക്കിയ ഒരു അജ്ഞാത പ്രതിഭാസത്തെ കുറിച്ച് കൃത്യമായി മനസിലാക്കിയ സന്തോഷം പങ്കുവെക്കുകയാണ് ശാസ്ത്രലോകം.
വർഷം 2023. ആഗസ്റ്റ് 30. National Oceanic and Atmospheric Administration (NOAA) ടീം ഗള്‍ഫ് ഓഫ് അലാസ്കയില്‍ ഒരു പര്യവേഷണം നടത്തുകയാണ്. പര്യവേഷണത്തിന്റെ പേര് ‘സീസ്‌കേപ്പ് അലാസ്ക 5’ (Seascape Alaska 5).
അലാസ്ക ഉള്‍ക്കടലില്‍, സമുദ്രോപരിതലത്തില്‍ നിന്ന് ഏകദേശം രണ്ട് മൈലിലധികം (3,250 മീറ്റർ) താഴ്ചയില്‍, കൊടും തണുപ്പും ഭീകരമായ മർദ്ദവുമുള്ള ഇരുണ്ട അന്തരീക്ഷത്തിലൂടെ ശാസ്ത്രജ്ഞരുടെ ‘ഡീപ്പ് ഡിസ്കവർ’ എന്ന റിമോട്ട് കണ്‍ട്രോള്‍ഡ് റോബോട്ടിക് വാഹനം നീങ്ങുകയായിരുന്നു. പെട്ടെന്നാണ് ഒരു പാറക്കെട്ടില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന തിളങ്ങുന്ന സ്വർണ്ണ നിറത്തിലുള്ള ഒരു ഗോളാകൃതിയിലുള്ള വസ്തു അവരുടെ ക്യാമറയില്‍ പതിഞ്ഞത്. ഏകദേശം 4 ഇഞ്ച് (10 സെന്റീമീറ്റർ) വ്യാസം ഉണ്ടായിരുന്നു ആ സ്വർണ്ണ ഗോളത്തിന്.
ഒറ്റനോട്ടത്തില്‍ ഏതെങ്കിലും ജീവിയുടെ മുട്ട, അല്ലെങ്കില്‍ സമുദ്രത്തിലെ ഒരു അപൂർവ്വ സ്പോഞ്ച്, അതുമല്ലെങ്കില്‍ ഇതുവരെ തിരിച്ചറിയാത്ത പ്രത്യേകതരം പവിഴപ്പുറ്റ് തുടങ്ങിയ നിഗമനങ്ങളായിരുന്നു ശാസ്ത്രജ്ഞർക്ക് ഉണ്ടായിരുന്നത്. എന്തായാലും പാറയില്‍ നിന്ന് ആ സ്വർണ്ണ ഗോളം അടർത്തിയെടുത്ത് ശാസ്ത്ര പരിശോധനക്ക് വിധേയമാക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചു.
ശാസ്ത്രത്തെ വട്ടംകറക്കിയ അന്വേഷണം
സമുദ്രത്തിലെ പാറയില്‍ നിന്നും അടർത്തിയെടുത്ത സ്വർണ്ണ ഗോളത്തിന്റെ രഹസ്യം അറിയാൻ ശാസ്ത്ര പരിശോധനക്കായി Smithsonian National Museum of Natural History എന്ന ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്. സാധാരണ പരീക്ഷണ മാർഗങ്ങള്‍ ഉപയോഗിച്ച് പെട്ടെന്ന് ആ രഹസ്യം മനസിലാക്കാൻ സാധിക്കും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പക്ഷെ തന്റെ രഹസ്യം അത്രപെട്ടെന്ന് വെളിപ്പെടുത്താൻ സ്വർണ്ണ ഗോളം തയ്യാറായിരുന്നില്ല. ചെയ്യുന്ന ടെസ്റ്റുകള്‍ എല്ലാം പരാജയപ്പെടാൻ തുടങ്ങി. ഓരോ ടെസ്റ്റുകള്‍ മാറ്റി മാറ്റി ശാസ്ത്ര ലോകം പരീക്ഷിച്ചതിന്റെ ഫലമായി രണ്ട് വർഷങ്ങള്‍ കടന്നുപോയി.
ഒടുവില്‍ സങ്കീർണ്ണമായ ഡിഎൻഎ ടെസ്റ്റുകളും ഒപ്പം പ്രസ്തുത വസ്തുവിന്റെ മൈക്രോസ്കോപ്പിക് ഘടനയും പരിശോധിക്കാൻ ശാസ്ത്ര സംഘം തീരുമാനിച്ചു. അതില്‍ കോറലുകളിലും കടല്‍ അനിമോണുകളിലും (Sea Anemones) കാണപ്പെടുന്ന ‘സിനിഡോസൈറ്റുകള്‍’ (Cnidocytes) എന്നറിയപ്പെടുന്ന വിഷമുള്ള ചെറിയ കോശങ്ങള്‍ കണ്ടെത്തി. ഇതോടെ ഇതൊരു കടല്‍ ജീവിയുടെ ഭാഗമാണെന്ന ഏകദേശ ധാരണ ലഭിച്ചു. ഒടുവില്‍, അത്യാധുനികമായ Whole-Genome Sequencing എന്ന ജനിതക പരിശോധനയിലൂടെയാണ് ശാസ്ത്രജ്ഞർ ആ സത്യം കണ്ടെത്തിയത്.
എന്തായിരുന്നു ആ സ്വർണ്ണം ഗോളം?
കടല്‍ ജീവിയുടെ മുട്ടയോ നിഗൂഢ പ്രതിഭാസമോ ഒന്നുമായിരുന്നില്ല ആ സ്വർണ്ണ ഗോളം. മറിച്ച് ആഴക്കടലില്‍ ജീവിക്കുന്ന റെലിക്കാന്തസ് ഡാഫ്നിയെ (Relicanthus daphneae) എന്ന ഭീമൻ കടല്‍ അനിമോണിന്റെ (Sea Anemone) ശരീരഭാഗമായിരുന്നു അത്.
ആഴക്കടലില്‍ ആറ് അടിയോളം നീളമുള്ള ടെന്റക്കിളുകളുമായി (Tentacles) ജീവിക്കുന്ന വിചിത്ര ജീവിയാണ് റെലിക്കാന്തസ് ഡാഫ്നിയെ. ഇവ പാറകളില്‍ ഒട്ടിപ്പിടിച്ചിരിക്കാൻ അവയുടെ ശരീരത്തിന്റെ അടിഭാഗത്ത് ക്യൂട്ടിക്കിള്‍ (Cuticle) എന്നറിയപ്പെടുന്ന ഒരു തരം പാളി ഉണ്ട്. ഈ പാളിയാണ് പര്യവേഷകർക്ക് ലഭിച്ച ആ സ്വർണ്ണ ഗോളം.
മനുഷ്യന്റെ നഖവും മുടിയുമൊക്കെ വളർന്ന് കൊഴിയുന്നത് പോലെ, അല്ലെങ്കില്‍ പാമ്പുകള്‍ പടം പൊഴിക്കുന്നത് പോലെ, ഈ ഭീമൻ അനിമോണ്‍ അതിന്റെ ശരീരത്തിന്റെ അടിഭാഗം പാറയില്‍ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറിപ്പോയതോ, അല്ലെങ്കില്‍ അത് ചത്തുപോയതിനു ശേഷം അവശേഷിച്ച ഭാഗമോ ആകാം ഇതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
എന്തായാലും രണ്ട് വർഷത്തോളം ശാസ്ത്രജ്ഞരെ വട്ടംകറക്കിയ ആ സ്വർണ്ണ ഗോളം ഒടുവില്‍ തന്റെ രഹസ്യം വെളുപ്പെടുത്തി. ഇത്തരം അത്ഭുതവും ജിജ്ഞാസയും തോന്നിപ്പിക്കുന്ന അനേകം വിചിത്രമായ കാര്യങ്ങള്‍ കടല്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും ഓരോ പര്യവേഷണവും പുതിയ അനുഭവങ്ങളും അറിവും തേടിയുള്ള യാത്രയാണെന്നും NOAA ഡയറക്ടർ ക്യാപ്റ്റൻ വില്യം മോവിറ്റ് പറയുന്നു.





