വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ആളെകുടുക്കിയത് വനിതാ പൊലീസുകാരുടെ വ്യാജ സൗഹൃദത്തിലൂടെ.പാവറട്ടി പെരുവല്ലൂർ പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ പി.കെ.സലീമാണ് (48) ചെങ്ങന്നൂർ പൊലീസിന്റെ വലയിലായത്. ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയില്‍ കഴിഞ്ഞ വർഷം നവംബറിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2020ല്‍ സോഷ്യല്‍ മീഡിയയിലെ വിവാഹപരസ്യത്തിലൂടെയാണ് ഇയാള്‍ പരാതിക്കാരിയുമായി പരിചയപ്പെട്ടത്. വിവാഹമോചിതനാണെന്നും ഒരു മകള്‍ തനിക്കുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞത്. പരിചയപ്പെട്ട ശേഷം മൂന്ന് വർഷത്തോളം ഫോണ്‍ വഴി ബന്ധം തുടർന്നു. പിന്നീട് ഇയാള്‍ പരാതിക്കാരിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയ ശേഷം നിർബന്ധപൂർവം ലൈംഗിക ചൂഷണം നടത്തി.
തുടർന്ന് പല കാരണങ്ങളും പറഞ്ഞ് യുവതിയില്‍ നിന്ന് ഒഴിഞ്ഞുമാറി. ഭാര്യയും മക്കളുമൊത്തുള്ള ഇയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പിന്നീട് കണ്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതി മനസിലാക്കുന്നത്. തുടർന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിദേശത്താണ് ഇയാള്‍ക്ക് ജോലി. പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വനിതാ പൊലീസുകാർ വ്യാജ പേരില്‍ ഇയാളുമായി സൗഹൃദം സ്ഥാപിച്ചാണ് വിവരങ്ങള്‍ കണ്ടെത്തിയത്. നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ചെങ്ങന്നൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ റെജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.





