മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പരിപാലിച്ചിരുന്ന ഏഴ് പശുക്കളെ തൃശൂർ പുത്തൂരിലെ കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് ഫാമിലേക്ക് മാറ്റി.മൂന്ന് ദിവസം മുൻപാണ് പശുക്കളെ ഫാമിലേക്ക് കൊണ്ടുപോയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് പശുക്കളെ ക്ലിഫ് ഹൗസിലേക്ക് കൊണ്ടുവന്നത്.
പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിയുന്നതോടെയാണ് പശുക്കള്‍ക്കും തൃശ്ശൂരിലേക്ക് തിരികെ പോകേണ്ടി വന്നത്.മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കെഎല്‍ഡിബിയാണ് നേരത്തെ ഈ പശുക്കളെ ക്ലിഫ് ഹൗസിലേക്ക് നല്‍കിയിരുന്നത്. പിന്നീട് ഇവയെ തിരികെ കൈമാറാൻ ക്ലിഫ് ഹൗസിലെ ചുമതലയുള്ളവർ സന്നദ്ധത അറിയിച്ചതിനെത്തുടർന്ന് കെഎല്‍ഡിബി ജീവനക്കാർ എത്തി പശുക്കളെ ഫാമിലേക്ക് മാറ്റുകയായിരുന്നു.
വെച്ചൂർ, ജഴ്സി, ഹോള്‍സ്റ്റീൻ സങ്കര ഇനങ്ങളില്‍പ്പെട്ട പശുക്കളാണ് മാറ്റിയത്. ക്ലിഫ് ഹൗസില്‍ ഇവയ്ക്കായി 42.50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച തൊഴുത്ത് മുൻപ് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.





