വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തമിഴകം ഒന്നടങ്കം ആഘോഷത്തിലായിരുന്നു.എന്നാല്‍ ഈ ചരിത്ര മുഹൂർത്തത്തില്‍ നടന്റെ മകൻ ജേസണ്‍ സഞ്ജയ്‌യുടെ അസാന്നിധ്യം വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. കേവലം ഒരു തിരക്കിന്റെ പേരില്‍ വിട്ടുനിന്നതല്ല സഞ്ജയ് എന്നും, മറിച്ച് അച്ഛനുമായുള്ള കടുത്ത ഭിന്നതയുടെ പരസ്യമായ പ്രഖ്യാപനമാണ് ഈ ബഹിഷ്കരണമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന മകൻ
വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകള്‍ കുറച്ചു കാലമായി കോളിവുഡില്‍ പുകയുന്നുണ്ട്. സംഗീത വിവാഹമോചന ഹർജി നല്‍കിയതിന് പിന്നാലെ ജേസണ്‍ സഞ്ജയ് അച്ഛനുമായി അകല്‍ച്ചയിലാണെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള സഞ്ജയ്‌യുടെ വിട്ടുനില്‍ക്കല്‍. അമ്മയെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള വിജയുടെ രാഷ്ട്രീയ യാത്രയോട് മകന് യോജിപ്പില്ലെന്നാണ് സൂചന. ആരില്ലെങ്കിലും തന്റെ അമ്മയ്ക്ക് കൂട്ടായി താൻ കൂടെയുണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് സഞ്ജയ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജേസണ്‍ സഞ്ജയ് തന്റെ അച്ഛനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. നിലവില്‍ വിജയ് സേതുപതി അടക്കം 36 പേരെ മാത്രമാണ് സഞ്ജയ് ഫോളോ ചെയ്യുന്നത്. അച്ഛന്റെ നിഴലില്‍ നിന്നും പൂർണ്ണമായും മാറിനില്‍ക്കാനാണ് മകന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തന്റെ പേരിനൊപ്പമുള്ള അച്ഛന്റെ ഇനീഷ്യലായ ‘V’ (Vijay) മാറ്റി അമ്മയുടെ പേരിന്റെ ആദ്യക്ഷരമായ ‘S’ (Sangeetha) ചേർക്കാൻ സഞ്ജയ് ഒരുങ്ങുന്നതായാണ് വിവരം. ‘ജേസണ്‍ സഞ്ജയ് എസ്’ എന്നാകും ഇനി മുതല്‍ അദ്ദേഹം അറിയപ്പെടുക. സ്വന്തം അഡ്രസ്സില്‍ നിന്നും അച്ഛനെ പൂർണ്ണമായും വെട്ടിമാറ്റാനുള്ള ഈ നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
വിവാദത്തിന്റെ കേന്ദ്രബിന്ദുവായി തൃഷ
വിജയുടെ രാഷ്ട്രീയ പ്രവേശന ചടങ്ങുകളിലും സത്യപ്രതിജ്ഞാ വേളയിലും നടി തൃഷ എത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇത്തരം ബന്ധങ്ങളാണെന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംഗീതയെ ചടങ്ങില്‍ നിന്നും മാറ്റിനിർത്തിയതും തൃഷയ്ക്ക് ലഭിച്ച മുൻഗണനയും സഞ്ജയ്‌യെ കൂടുതല്‍ പ്രകോപിപ്പിച്ചു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയില്‍ വിജയ് പുതിയ ചരിത്രം കുറിക്കുമ്പോഴും, സ്വന്തം കുടുംബത്തിലെ പടലപിണക്കങ്ങള്‍ അദ്ദേഹത്തിന് വലിയ വെല്ലുവിളിയാകുകയാണ്. അച്ഛന്റെ തണലില്ലാതെ സ്വന്തം വഴിയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ച ജേസണ്‍ സഞ്ജയ് തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി കഴിഞ്ഞു.





