ഇരുപത്തിയഞ്ചുകാരനായ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തന്റെ ദിവസത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് കഠിനമായ ചൂടിനെ അവഗണിച്ച് ബൈക്കില്‍ നഗരം ചുറ്റാനാണ്; ഒരു ക്ലയന്റ് മീറ്റിങ്ങില്‍ നിന്ന് മറ്റൊന്നിലേക്ക്.പല യുവ പ്രൊഫഷണലുകളെയും പോലെ, നിരന്തരം വെള്ളം കുടിക്കുന്നത് ശരിയായ കാര്യമാണെന്ന് അയാളും വിശ്വസിച്ചു. ഇടയ്ക്കിടെ ബൈക്ക് നിർത്തി കുപ്പി നിറച്ച അദ്ദേഹം, ദിവസം മുഴുവൻ ഏകദേശം അഞ്ച് ലിറ്ററോളം വെള്ളം കുടിച്ചു.
എന്നാല്‍ അദ്ദേഹം ചെയ്യാതിരുന്ന ഒന്നുണ്ട്, ഭക്ഷണം കഴിക്കുക. തിരക്കുപിടിച്ച പ്രഭാതം കാരണം ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കി, തുടർച്ചയായ മീറ്റിങ്ങുകള്‍ക്കിടയില്‍ ഉച്ചഭക്ഷണത്തിനുള്ള സമയവും നഷ്ടമായി. പഴങ്ങളോ, ഇലക്‌ട്രോലൈറ്റ് പാനീയങ്ങളോ, ഒ.ആർ.എസ് ലായനിയോ അദ്ദേഹം കഴിച്ചില്ല, കുടിച്ചത് വെറും പച്ചവെള്ളം മാത്രം. അത് വലിയൊരു വില നല്‍കേണ്ടി വന്ന തെറ്റായി മാറി.
വൈകുന്നേരമായപ്പോഴേക്കും അദ്ദേഹത്തിന് അസാധാരണമായ തലകറക്കം അനുഭവപ്പെട്ടു തുടങ്ങി. പിന്നാലെ ഓക്കാനവും വന്നു. വെറും ക്ഷീണമാണെന്ന് കരുതി അദ്ദേഹം അത് തള്ളിക്കളഞ്ഞു. തന്റെ അവസാന അപ്പോയിന്റ്‌മെന്റുകള്‍ കൂടി പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യത്തോടെ അദ്ദേഹം മുന്നോട്ട് പോയി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ സംസാരം അവ്യക്തമായി. അസാധാരണമായ മയക്കവും സ്ഥലകാലബോധമില്ലായ്മയും പ്രകടമായി. പരിഭ്രാന്തരായ സഹപ്രവർത്തകർ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. രക്തപരിശോധനയില്‍ അദ്ദേഹത്തിന്റെ സോഡിയം ലെവല്‍ 124 mEq/L ആയി താഴ്ന്നതായി കണ്ടെത്തി (സാധാരണ നില 135 മുതല്‍ 145 mEq/L വരെയാണ്). അമിതമായ വിയർപ്പിലൂടെ ഉപ്പ് നഷ്ടപ്പെട്ടതും, ഒപ്പം അമിതമായി പച്ചവെള്ളം മാത്രം കുടിച്ചതും കാരണം രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായി താഴുന്ന ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ ആയിരുന്നു അദ്ദേഹത്തിന് ബാധിച്ചത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വേനല്‍ക്കാല താപനില ഇപ്പോള്‍ പതിവായി 44 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുന്ന ഇന്ത്യയിലുടനീളം, വെറും ക്ഷീണമായി തോന്നിപ്പിക്കുകയും എന്നാല്‍ പിന്നീട് ഗുരുതരമാവുകയും ചെയ്യുന്ന ഇത്തരം ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥകള്‍ വർധിച്ചുവരുന്നതായി ആശുപത്രികള്‍ റിപ്പോർട്ട് ചെയ്യുന്നു.
ചൂട് ശരീരത്തിലെ പ്രധാന ലവണങ്ങളെ വലിച്ചെടുക്കുമ്പോള്‍
വിയർക്കല്‍ എന്നത് ശരീരത്തെ തണുപ്പിക്കാനുള്ള പ്രാഥമിക മാർഗമാണ്. ചർമ്മത്തില്‍ നിന്ന് വിയർപ്പ് ബാഷ്പീകരിക്കപ്പെടുമ്പോള്‍, അത് ചൂടിനെ പുറന്തള്ളുകയും ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ വിയർപ്പ് എന്നത് വെറും വെള്ളം മാത്രമല്ല. സോഡിയം, ക്ലോറൈഡ്, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ ഇലക്‌ട്രോലൈറ്റുകളും അത് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. നാഡീ സ്പന്ദനങ്ങള്‍, പേശികളുടെ സങ്കോചം, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കുന്ന ചാർജുള്ള ധാതുക്കളാണിവ.
സാധാരണ സാഹചര്യങ്ങളില്‍, ഈ പോഷകനഷ്ടം വളരെ കുറവായിരിക്കും, ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും ഇത് എളുപ്പത്തില്‍ വീണ്ടെടുക്കാൻ സാധിക്കും. എന്നാല്‍ കഠിനമായ ചൂടില്‍ കൂടുതല്‍ സമയം ചിലവഴിക്കുമ്പോഴും, പ്രത്യേകിച്ച് ശാരീരിക അധ്വാനത്തില്‍ ഏർപ്പെടുമ്പോഴും ഈ നഷ്ടം വളരെ ഗുരുതരമായേക്കാം.
ഹൈഡ്രേഷൻ അഥവാ ശരീരത്തില്‍ ജലാംശം നിലനിർത്തുന്നത് തെറ്റായ രീതിയില്‍ സമീപിക്കുമ്പോഴാണ് പ്രശ്നം സങ്കീർണ്ണമാകുന്നത്. ഇന്ത്യയില്‍, വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക എന്നതാണ് സാധാരണയായി ലഭിക്കുന്ന ഉപദേശം. ഈ നിർദേശം നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിലും അത് പൂർണമല്ല. നമുക്ക് നഷ്ടപ്പെടുന്ന ഇലക്‌ട്രോലൈറ്റുകള്‍ വെറും വെള്ളം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ല. വാസ്തവത്തില്‍, ആവശ്യത്തിന് ഉപ്പിന്റെ അംശമില്ലാതെ അമിതമായി വെള്ളം കുടിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ ഇടയാക്കും. ആ യുവ എക്സിക്യൂട്ടീവിന്റെ കാര്യത്തില്‍ ഉണ്ടായതുപോലെ അപകടകരമായ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ഇത് കാരണമാകും. ഇലക്‌ട്രോലൈറ്റുകള്‍ അടങ്ങിയ വെള്ളമാണ് നിങ്ങള്‍ കുടിക്കേണ്ടത്.
സോഡിയം കുറയുന്നതിലെ മറഞ്ഞിരിക്കുന്ന അപകടം
ശരീരകോശങ്ങളിലേക്ക്, പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങളിലേക്കുള്ള വെള്ളത്തിന്റെ പ്രവാഹം നിയന്ത്രിക്കുന്നതില്‍ സോഡിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വളരെയധികം കുറയുമ്പോള്‍, വെള്ളം കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കുകയും അവ വീർക്കാൻ കാരണമാവുകയും ചെയ്യുന്നു.
തലയോട്ടിക്കുള്ളില്‍ വികസിക്കാൻ സ്ഥലമില്ലാത്തതിനാല്‍, തലച്ചോറിലെ കോശങ്ങളിലുണ്ടാകുന്ന ഈ വീക്കം പെട്ടെന്നുതന്നെ ജീവന് ഭീഷണിയായേക്കാം. ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും വളരെ നിസ്സാരമായി തോന്നാം. തലവേദന, തളർച്ച, തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം എന്നിവയാണവ. അതിനാല്‍ തന്നെ, കടുത്ത ചൂട് മൂലമുള്ള അസ്വസ്ഥതയോ അമിത ജോലി മൂലമുള്ള ക്ഷീണമോ ആണെന്ന് കരുതി ഇവ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട്.
സോഡിയത്തിന്റെ അളവ് കുറയുന്തോറും ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകാം. മയക്കം ക്രമേണ ബോധക്ഷയത്തിലേക്ക് മാറാം. അപസ്മാരം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗുരുതരാവസ്ഥയില്‍ രോഗി കോമയിലേക്ക് (അബോധാവസ്ഥ) വീണുപോയേക്കാം. ഇന്ത്യയിലെ വേനല്‍ക്കാലത്ത് ഹൈപ്പോനട്രീമിയ കൂടുതല്‍ അപകടകരമാകാൻ കാരണം, ആരോഗ്യവാനായ യുവാക്കള്‍ പോലും ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാതെ അത് അവഗണിക്കുന്നു എന്നതാണ്. പുറംജോലിക്കാർ, ഡെലിവറി ഏജന്റുമാർ, ഫീല്‍ഡ് എക്സിക്യൂട്ടീവുകള്‍, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, നിർമ്മാണ തൊഴിലാളികള്‍ എന്നിവർക്കാണ് ഇതിന് കൂടുതല്‍ സാധ്യതയുള്ളത്.
ഹൈപ്പർനട്രീമിയ: മറ്റൊരു തീവ്രാവസ്ഥ
ശരീരത്തില്‍ നിന്ന് പുറംതള്ളപ്പെടുന്ന ജലത്തിന് പകരമായി ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുമ്പോഴാണ് ഹൈപ്പർനട്രീമിയ ഉണ്ടാകുന്നത്. കഠിനമായ ചൂടില്‍ അമിതമായി വിയർക്കുകയും എന്നാല്‍ ആവശ്യത്തിന് ദ്രാവകങ്ങള്‍ കുടിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് സാധാരണയായി ഈ അവസ്ഥ സംഭവിക്കുന്നത്. ശരീരത്തിലെ ജലാംശം കുറയുന്നതോടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് കൂടുന്നു.
ലക്ഷണങ്ങളും പ്രത്യാഘാതങ്ങളും
കോശങ്ങള്‍ വീർക്കുന്ന ഹൈപ്പോനട്രീമിയയില്‍ നിന്ന് വ്യത്യസ്തമായി, ഹൈപ്പർനട്രീമിയയില്‍ കോശങ്ങളിലെ വെള്ളം പുറത്തേക്ക് പോകുന്നതിനാല്‍ അവ ചുരുങ്ങാൻ കാരണമാകുന്നു. ഈ മാറ്റങ്ങള്‍ മസ്തിഷ്കത്തെ പെട്ടെന്ന് ബാധിക്കുന്നു. കഠിനമായ ദാഹം, വായ വരണ്ടുപോവുക എന്നിവയോടെയാണ് ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ഇത് പിന്നീട് അസ്വസ്ഥത, പേശികള്‍ വലിയുക, ആശയക്കുഴപ്പം, അപസ്മാരം എന്നിവയിലേക്ക് നയിച്ചേക്കാം. ഹൈപ്പർനട്രീമിയ തീവ്രമായാല്‍ അത് തലച്ചോറിന് സ്ഥിരമായ തകരാറുകള്‍ സംഭവിക്കാൻ കാരണമായേക്കാം.
അതുകൊണ്ട്, വേനല്‍ക്കാലത്തെ ചൂട് മൂലം ഒരേസമയം പരസ്പരവിരുദ്ധമായ രണ്ട് കാര്യങ്ങള്‍ സംഭവിക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് അപകടകരമാണ്, എന്നാല്‍ ശരീരത്തിന് ആവശ്യമായ ഇലക്‌ട്രോലൈറ്റുകള്‍ (ലവണങ്ങള്‍) ഇല്ലാതെ വെറും വെള്ളം മാത്രം അമിതമായി കുടിക്കുന്നതും അത്രതന്നെ ദോഷകരമാണ്.
പൊട്ടാസ്യം: പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്ന്
ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളില്‍ സാധാരണയായി സോഡിയത്തിനാണ് പ്രാധാന്യം നല്‍കാറുള്ളതെങ്കിലും, പൊട്ടാസ്യവും തുല്യമായ ശ്രദ്ധ അർഹിക്കുന്നുണ്ട്. പേശികളുടെ പ്രവർത്തനത്തിനും ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകള്‍ക്കും പൊട്ടാസ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
അമിതമായി വിയർക്കുന്നതും അതോടൊപ്പം കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും പോഷകാഹാരക്കുറവും ‘ഹൈപ്പോകലീമിയ’ അഥവാ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്ന അവസ്ഥയിലേക്ക് നയിക്കാം. പേശീബലഹീനത, കഠിനമായ പേശിവലിവും വേദനയും, അമിതമായ തളർച്ച, ഗുരുതരമായ സാഹചര്യങ്ങളില്‍ ഹൃദയമിടിപ്പിലെ താളപ്പിഴകള്‍ എന്നിവയായാണ് ഇത് പ്രകടമാകുന്നത്. പോഷകാഹാരക്കുറവുള്ളവരിലും ചൂടുമൂലം ഛർദ്ദി അനുഭവപ്പെടുന്നവരിലും ഈ അവസ്ഥ കൂടുതല്‍ അപകടകരമാണ്.
നേരെമറിച്ച്, നിർജലീകരണം രൂക്ഷമാകുമ്പോള്‍ അത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ശരീരത്തില്‍ നിന്ന് പൊട്ടാസ്യം പുറന്തള്ളാനുള്ള കഴിവിനെ തടസപ്പെടുത്തുകയും ചെയ്യാം. ഇത് ‘ഹൈപ്പർകലീമിയ’ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഹൃദയസ്തംഭനത്തിന് വരെ കാരണമായേക്കാവുന്ന വളരെ അപകടകരമായ ഒരു അവസ്ഥയാണിത്. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ സന്തുലിതാവസ്ഥ അത്രമേല്‍ സൂക്ഷ്മമാണ്.
പ്രതിരോധത്തിന് വെറും വെള്ളം മാത്രം പോരാ
യുവ എക്സിക്യൂട്ടീവിന്റെ പരീക്ഷണത്തില്‍ നിന്നുള്ള പാഠം ലളിതമാണ്, പക്ഷേ പ്രധാനമാണ്: ജലാംശം വെറും വെള്ളമല്ല. ശരീരത്തിന് ദ്രാവകവും ലയിച്ച ലവണങ്ങളും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഓറല്‍ റീഹൈഡ്രേഷൻ ലായനികള്‍, ഒരു നുള്ള് ഉപ്പ് ചേർത്ത മോര്, തേങ്ങാവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഇലക്‌ട്രോലൈറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ വിയർപ്പ് കുറയ്ക്കുന്നത് പുനഃസ്ഥാപിക്കാൻ സഹായിക്കും. ഭക്ഷണം കഴിക്കുന്നതും ഒരുപോലെ പ്രധാനമാണ്.
സമയക്രമീകരണവും വളരെ പ്രധാനമാണ്. കഠിനമായ ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങിയുള്ള കായികാധ്വാനങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. തണലില്‍ ഇടയ്ക്കിടെ വിശ്രമിക്കുന്നതും, ശാരീരിക അസ്വാസ്ഥ്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതും ഒരു മെഡിക്കല്‍ എമർജൻസി ഒഴിവാക്കാൻ സഹായിക്കും.
കത്തുന്ന വെയിലില്‍ പെട്ടെന്ന് തളർന്നുവീഴുന്നതാണ് സൂര്യാതപം എന്ന പഴയ ധാരണ ഇന്ന് മാറിക്കഴിഞ്ഞു. കോശതലങ്ങളില്‍ നിശബ്ദമായി നടക്കുന്ന മാറ്റങ്ങളാണ് ഇന്ന് കൂടുതല്‍ അപകടമുണ്ടാക്കുന്നത്. ചെറിയ തലകറക്കത്തില്‍ തുടങ്ങി, അവഗണിച്ചാല്‍ ഗുരുതരമായ നാഡീവ്യൂഹ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഇലക്‌ട്രോലൈറ്റ് വ്യതിയാനങ്ങളാണ് ഇതിന് കാരണം. ആ 25 വയസുകാരനായ യുവാവ് രക്ഷപ്പെട്ടത് കൃത്യസമയത്ത് ചികിത്സ ലഭ്യമായതുകൊണ്ടാണ്. എല്ലാവർക്കും അത് സാധ്യമാകണമെന്നില്ല, അതിനാല്‍ ഓരോ അരമണിക്കൂറിലും ഇലക്‌ട്രോലൈറ്റുകള്‍ അടങ്ങിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.





