ദത്തെടുത്ത കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച്‌ ബിസിനസുകാരായ ദമ്പതികള്‍. ഇതിനായി ദമ്പതികള്‍ ഉന്നയിച്ചതാകട്ടെ കുട്ടി ‘ദൗര്‍ഭാഗ്യം’ കൊണ്ടുവന്നെന്ന വാദവും.എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ തെളിഞ്ഞുവന്നു. പിന്നാലെ ദമ്പതികളെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശില്‍നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുണ സ്വദേശിയായ ബിസിനസുകാരനും ഭാര്യയുമാണ് ദേശീയപാത 552-ല്‍ ഷിയോപുരിലെ സൊയ്ന്‍കാലന്‍ മേഖലയില്‍ ഹൈവേയില്‍ രണ്ടര വയസുകാരിയായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചത്. തങ്ങളുടെ ബിസിനസിനു കുട്ടി ‘ദൗര്‍ഭാഗ്യം’ കൊണ്ടുവന്നെന്നു ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യം. റോഡില്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ വിവരമറിഞ്ഞ് പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് സംഭവം നടന്ന സമയത്ത് റോഡിലൂടെ കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ ദമ്പതികളെ ഭോപ്പാലില്‍നിന്ന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഇന്ദോറിലെ അനധികൃത ശിശുക്കടത്ത് സംഘത്തില്‍നിന്ന് ഒരുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയതാണെന്ന് ദമ്പതികള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്ത പൊലീസ് റാക്കറ്റിനു പിന്നിലുള്ള നിരവധി പേരെ അറസ്റ്റും ചെയ്തു. നിലവില്‍, കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

രാജ്യത്ത് ഇതാദ്യമായല്ല കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ നോയിഡയില്‍ നവജാതശിശുവിനെ 2.6 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചതിനു ഒരു നേഴ്‌സ് പിടിയിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക