തെരഞ്ഞെടുപ്പ് പ്രാചാരണം അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിനെ ചൊല്ലി വിവാദം.കാട്ടാക്കട ഐ.ബി. സതീഷ് എംഎല്‍എയുടെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന പ്രചാരണ പുസ്തകത്തില്‍ സ്വന്തം വീടിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഗൃഹനാഥനും വ്ലോഗറുമായി ശാലു പേയാട് രംഗത്തെത്തിയതാണ് വിവാദമായത്.
തന്‍റെ വീടിന്‍റെ ചിത്രമാണ് എംഎല്‍എയുടെ പദ്ധതി വഴി നല്‍കിയെന്ന വീടാണെന്ന് പ്രചാരണത്തിന് ഉപയോഗിച്ചത്. എന്നാല്‍ തന്‍റെ വീട് 10 ലക്ഷം ബാങ്ക് ലോണെടുത്ത് നിർമ്മിച്ചതാണെന്നുമാണ് ശാലുവിന്‍റെ അവകാശവാദം. പറ്റുമെങ്കില്‍ എംഎല്‍എയും പാർട്ടിക്കാരും പി.ആർ ടീമും ചേർന്ന് പിരിവെടുത്ത് ലോണടച്ച് സഹായിക്കണമെന്നും ശാലു പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ശാലു വ്ലോഗും ചെയ്തിരുന്നു.
വ്ലോഗ് വൈറലായതോടെ മറുപടിയുമായി പ്രാദേശിക സിപിഎം നേതൃത്വം രംഗത്തെത്തുകയും നിലവില്‍ ശാലുവിന്‍റെ അമ്മയും സഹോദരനും താമസിക്കുന്ന വീട് ലൈഫ് പദ്ധതിയാണെന്ന് രേഖകള്‍ സഹിതം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ശാലുവിന്‍റെ വാദങ്ങള്‍ പൂർണ്ണമായും തള്ളിക്കൊണ്ടാണ് വിളവൂർക്കല്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ വിൻസി രംഗത്തെത്തിയത്. ഇത് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടാണെന്ന് മെമ്പർ വ്യക്തമാക്കി. പിന്നാലെ സിപിഎം സൈബർ ടീം ശാലുവിന്‍റെ അമ്മയുടെ പ്രതികരണവും പുറത്തുവിട്ടു. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ പ്രകാരം ലഭിച്ച വീടാണെന്നും സർക്കാരിനോട് നന്ദി അറിയിക്കുകയാണെന്നും അമ്മ സുഗുണ പറഞ്ഞു.
എംഎല്‍എ വിഷയത്തില്‍ ആത്മാർഥമായി സഹകരിച്ചെന്നും അമ്മ പറയുന്നു. വിവാദത്തില്‍ അമ്മയുടെ പ്രതികരണം വഴിത്തിരിവായതോടെ പഞ്ചായത്തും സർക്കാരും കേന്ദ്ര സർക്കാരും ചേർന്നുള്ള പദ്ധതി വഴി ലഭിച്ച വീടാണെന്നും എംഎല്‍എയുടെ പദ്ധതിയല്ലെന്നും ശാലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നാല് ലക്ഷമാണ് പദ്ധതി വഴി ലഭിച്ചത് ബാക്കി ആറ് ലക്ഷത്തോളം ലോണെടുത്താണ വീട് നിർമിച്ചതെന്നും ശാലു പറയുന്നു. പാർട്ടിക്കാർ നേരത്തെ അമ്മയുടെ വീഡിയോ എടുത്തതാണെന്നും തന്‍റെ വീഡിയോ വൈറലായതോടെ കുടുംബത്തിന് ബുദ്ധിമുട്ടാകുമെന്ന് കരുതി ഡിലീറ്റ് ചെയ്തെന്നും ശാലു പറഞ്ഞു. എംഎല്‍എയുടെ വികസന രേഖയുമായി ബന്ധപ്പെട്ട തർക്കം ഇതിനോടകം സോഷ്യല്‍ മീഡിയയിലടക്കം വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.





