കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്” സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞതിന് പിന്നാലെ നിർമ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ജഡ്‌ജിക്ക് പ്രൊമോഷൻ.കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിക്കാണ് പ്രൊമോഷൻ ലഭിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് പുതിയ നിയമനം.
മാർച്ച് അഞ്ചിന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്‌തവയ്ക്ക് പകരക്കാരനായാണ് അരവിന്ദ് ധർമ്മാധികാരി പുതിയ ചുമതലയേറ്റെടുക്കുന്നത്.ഇന്ന് കേരള സ്റ്റോറി 2 റിലീസ് ചെയ്യാനിരിക്കെയാണ് ഇന്നലെ ഉച്ചയോടെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രദർശനം വിലക്കിയത്. പിന്നാലെ ജസ്റ്റിസ് സുശ്രുത് എ.ധർമ്മാധികാരി, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രാത്രി രണ്ട് മണിക്കൂറോളം അപ്പീലില്‍ വാദം കേട്ടതിനുശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് വിവരം.
സിനിമയുടെ സർട്ടിഫിക്കേഷനെ എതിർക്കുന്ന ഹർജികള്‍ പൊതുതാല്‍പ്പര്യ ഹർജിയുടെ സ്വഭാവത്തിലുള്ളതാണെന്നും സിംഗിള്‍ ബെഞ്ചിന് അത് എങ്ങനെ കേള്‍ക്കാൻ കഴിയുമെന്നുമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയ ചിത്രത്തിന്റെ നിർമ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ വാദങ്ങള്‍ കേട്ട ശേഷമായിരുന്നു നിരീക്ഷണം.
1966ല്‍ റായ്‌പൂരിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി ജനിച്ചത്. നാഗ്‌പൂർ സർവകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. 1992ല്‍ മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. ഇൻകം ടാക്‌സ് വകുപ്പിലും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശ് കോടതിയില്‍ 2016ല്‍ അഡീഷണല്‍ ജഡ്‌ജിയായും 2018ല്‍ സ്ഥിരം ജഡ്‌ജിയായും നിയമിതനായി. കഴിഞ്ഞവർഷം ഏപ്രിലിലാണ് കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്.





