വിവാഹബന്ധം വേർപെടുത്തിയ യുവതി മുൻ ഭർത്താവിന് എട്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് കോടതി.മുസ്‌ലിം നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയ യുവതിയാണ് മുൻ ഭർത്താവിന് നഷ്‌ടപരിഹാരം നല്‍കേണ്ടത്. ചാല സ്വദേശി നല്‍കിയ പരാതിയിലാണ് കണ്ണൂർ കുടുംബകോടതി ജഡ്‌ജി ആർ എല്‍ ബൈജു വിധിപറഞ്ഞത്.
വിവാഹസമയത്ത് മുൻ ഭർത്താവ് നല്‍കിയ സ്വർണാഭരണങ്ങളോ അല്ലെങ്കില്‍ അതിന്റെ വിലയോ തിരിച്ചുനല്‍കണമെന്നാണ് വിധി.2022 ജൂണ്‍17നാണ് ഹർജിക്കാരൻ പാപ്പിനിശേരി സ്വദേശിനിയെ വിവാഹം ചെയ്‌തത്. വിവാഹസമയത്ത് ന്യൂസിലൻഡില്‍ ജോലിചെയ്യുകയായിരുന്നു യുവാവ്. വിവാഹ ശേഷം ഭാര്യയെ ന്യൂസിലാന്റിലേക്ക് കൊണ്ടുപോകാനായി വിമാന ടിക്കറ്റുള്‍പ്പടെ എടുത്തിരുന്നു.
എന്നാല്‍ ഭാര്യ യാത്രയ്‌ക്ക് വിസമ്മതിച്ചതോടെ യുവാവ് പ്രതിസന്ധിയിലായി. പിന്നീട് ഖുല്‍-അ നിയമപ്രകാരം വിവാഹ ബന്ധം വേർപെടുത്തിയതായി അറിയിച്ചശേഷം യുവതി മറ്റൊരാളെ വിവാഹം ചെയ്‌തു. തുടർന്നാണ് യുവാവ് കുടുംബ കോടതിയെ സമീപിച്ചത്. മഹർ ഉള്‍പ്പടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കില്‍ 7,22,212 രൂപയോ നല്‍കണമെന്നാണ് കോടതി ഉത്തരവ്.





