എല്‍ഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാൻ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ജാഥയില്‍ ജോസ് കെ മാണി മുഴുവൻ സമയ ക്യാപ്റ്റനായി ഉണ്ടാകും. എല്‍ഡിഎഫ് സർക്കാർ കേരളത്തില്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.യുഡിഎഫിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരാമർശിക്കവെ, ജോസഫ് വിഭാഗം തങ്ങളുടെ രക്തത്തിന്റെ ഭാഗമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗം നിലവില്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും, യുഡിഎഫില്‍ അവർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അവർക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി മാറ്റം എന്നത് നിലവില്‍ ഒരു തുറന്ന അധ്യായമല്ലെന്നും അതിനാല്‍ അതിനോട് പ്രത്യേകം പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകള്‍ ഈ മാസം 16-ന് ശേഷം ആരംഭിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. യുഡിഎഫുമായി മുന്നണി മാറ്റ ചർച്ചകൾ സജീവമായിരുന്ന ഘട്ടത്തിൽ ജാഥയുടെ ക്യാപ്റ്റനാകാൻ ജോസ് വിസമ്മതിച്ചു എന്ന വാർത്തകൾ ഉണ്ടായിരുന്നു. പാർലമെന്റിൽ ബഡ്ജറ്റ് സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജോസ് തടിയുരാൻ ശ്രമിച്ചത്. എന്നാൽ റോഷി അഗസ്റ്റിനിലൂടെ മുന്നണി മാറ്റത്തിന് തടയിട്ട സിപിഎം, മധ്യമേഖലാ ജാഥാ ക്യാപ്റ്റൻ ആകുവാൻ ജോസ് കെ മാണിയെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടത് ബന്ധം ജോസ് ചെമ്മാട് യുടെ രാഷ്ട്രീയ ഭാവിയെ തന്നെ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്തേക്ക് അദ്ദേഹം ഇല്ല എന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജോസിന് പകരക്കാരിയായി പാലായിൽ ഇറങ്ങുക ഭാര്യ നിഷ ജോസ് ആയിരിക്കുമെന്നാണ് സൂചന. തനിക്ക് മേൽ മത്സരിക്കാൻ സമ്മർദ്ദം ഉണ്ട് എന്ന് നിഷ തന്നെ പലരോടും സൂചിപ്പിച്ചിട്ടുണ്ട്. കുടുംബത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കാനുള്ള ജോസിന്റെ വിമുഖതയാണ് നിഷയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.





